'ഇവിടെ നക്ഷത്രങ്ങള്‍ മണ്ണിലേക്ക് ഇറങ്ങിവരും. നിലാവ് നിങ്ങള്‍ക്കുമുന്നില്‍ പുഞ്ചിരി പൊഴിക്കും. പ്രകൃതി തീര്‍ക്കുന്ന മാസ്മരികവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം മറക്കും'. ചിത്രമൂലയെക്കുറിച്ച് അജ്ഞാതനായ ഏതോ യാത്രികന്റെ കുറിപ്പ് ഇങ്ങനെ തുടരുന്നു.....
ചോല വനങ്ങള്‍ക്കു നടുവില്‍ സമുദ്രനിരപ്പില്‍നിന്നും 4500 അടി മുകളില്‍ ഒരു രാത്രി. പ്രകൃതിതീര്‍ത്ത ഗുഹയ്ക്കുള്ളിലെ തണുപ്പിലും മഞ്ഞിലുംപൊതിഞ്ഞ കണ്ണടയ്ക്കാതെ കാഴ്ചകള്‍ കണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലയോ യാത്രികാ...കുടജാദ്രിയിലെ ചിത്രമൂലയെന്ന ഗുഹയിലേക്കാവാം നിങ്ങളുടെ അടുത്ത യാത്ര.
ഭക്തിയിലും ഏകാന്തയിലും മുങ്ങിയിരിക്കാന്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് പണിതീര്‍ത്ത സൗധം, ചിത്രമൂലയെ ഇങ്ങനെ വിശേഷിപ്പിക്കാം. വിശ്വാസിയും അവിശ്വാസിയും ഇവിടെയെത്തുന്നത് ഒരേ ഒരു കാര്യത്തിനു മാത്രം. മന:ശാന്തിയോടെ ഏകാന്തതയെ തൊട്ടറിയുക, അതിലൂടെ നമ്മുടെ അന്തരാത്മാവിനെയും.......
മൂകാംബികയ്ക്കും കുടജാദ്രിയ്ക്കും വിവരണത്തിന്റെ ആവശ്യമില്ല. എന്നാല്‍ ചിത്രമൂലയെന്ന പുണ്യസങ്കേതം ഇന്നും വിസ്മൃതിയിലാണ്. കുടജാദ്രിക്ക് അലങ്കാരമായി നിലകൊള്ളുന്ന ഗുഹാമുഖം എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മൂലമാവാം യാത്രികര്‍ക്ക് അപ്രാപ്യമാവുന്നത്. എന്നാല്‍ ഒരുതവണയെങ്കിലും കുടജാദ്രി കയറി ഇവിടെയെത്തിയിട്ടുണ്ടെങ്കില്‍ പിന്നീടുള്ള യാത്രകളില്‍ എപ്പോഴെങ്കിലും ഒരുദിനം തങ്ങാതെ പോവില്ലെന്ന് അനുഭവം.
കുടജാദ്രിയിലെ ദേവിയുടെ മൂലക്ഷേത്രത്തില്‍നിന്നും 4 കിലോമീറ്റര്‍ ദൂരം. മിക്കവാറും എല്ലാ തീര്‍ഥാടകരും ശങ്കരപീഠം(സര്‍വജ്ഞപീഠം) കൊണ്ട് യാത്ര അവസാനിപ്പിക്കും. അവിടെനിന്നും താഴേക്ക് കുത്തനെ ഊര്‍ന്നിറങ്ങിയാല്‍ മറ്റൊരു ലോകമാണ് മുന്നില്‍. അപകടം പതിയിരിക്കുന്ന ഇറക്കം. രണ്ട് കിലോമീറ്ററോളം ഊര്‍ന്ന് കഴിയുമ്പോള്‍ ഗുഹാകവാടമായി. ഗുഹയിലേക്ക് പ്രവേശിക്കണമെങ്കില്‍ 25 അടി പൊക്കത്തില്‍ മുകളിലേക്ക് കയറണം. അതും, ആരോ കൊണ്ടുവന്നു വച്ച പഴകിയ ഏണിയിലൂടെ ഒരു ഞാണിന്മേല്‍ കളി. ഗുഹയില്‍ പ്രവേശിച്ചാല്‍ ആദ്യം ദൃശ്യമാകുന്നത് മനോഹരമായ ശിവലിംഗം. പൂജ ചെയ്യേണ്ടവര്‍ക്ക് കാട്ടുപൂക്കള്‍കൊണ്ടൊരു അര്‍ച്ചനയാവാം.
പുണ്യനദിയായ സൗപര്‍ണികയുടെ ഉത്ഭവസ്ഥാനം. അഗ്നി, അഗസ്ത്യ, കാശി തുടങ്ങിയ 41 തീര്‍ഥങ്ങള്‍ ഒന്നുചേര്‍ന്ന് 64 കൂട്ടം ഔഷധസസ്യങ്ങളുടെ തലോടലേറ്റ് സൗപര്‍ണികയായി രൂപാന്തരം പ്രാപിക്കുന്നു. ഐതിഹ്യങ്ങളുടെ ആവരണം പുണ്യസങ്കേതമെന്ന കീര്‍ത്തി ചിത്രമൂലയ്ക്കു പതിച്ചുനല്‍കുന്നു. ആദി ശങ്കരനും കോലമഹര്‍ഷിയും തപസ്സ് ചെയ്ത സ്ഥലമെന്ന കീര്‍ത്തിയാണ് പുരാണങ്ങള്‍ ചിത്രമൂലയ്ക്കു കല്‍പിച്ചുനല്‍കുന്നത്. ശങ്കരാചാര്യര്‍ തപസ്സ് ചെയ്തപ്പോള്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി നിര്‍മിച്ചുനല്‍കിയ തീര്‍ഥമാണ് ഗുഹയിലേതെന്നും ഐതിഹ്യം. ഇങ്ങനെയാണത്രേ സൗപര്‍ണികയുടെ ഉത്ഭവം.
പുരാണങ്ങളും ഐതിഹ്യങ്ങളും എന്തുമാകട്ടെ. തീര്‍ഥമൊഴുകുന്ന മനോഹര ശബ്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മനസ്സില്‍ അലൗകികമായ ശാന്തിയൊഴുകിയെത്തുമെന്നതാണ് സത്യം. കിലോമീറ്ററുകള്‍ നടന്നിവിടെയെത്തുന്ന യാത്രികന്‍ തീര്‍ഥത്തില്‍ മുങ്ങിയെത്തുമ്പോള്‍ ക്ഷീണം എങ്ങോ പോയ്മറഞ്ഞിട്ടുണ്ടാവും.
കാഴ്ചകളുടെ മായികലോകമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സൂര്യാസ്തമയം കണ്‍മുന്നില്‍. ദൂരെ ഓളംതല്ലുന്ന ആഴിയിലേക്ക് സൂര്യന്‍ നിദ്രയിലെന്നപോലെ താഴുന്നു. ഇരുള്‍ പരക്കുന്നതിനു മുന്‍പേ ചന്ദ്രന്‍ പുഞ്ചിരിപൊഴിച്ചിരിക്കും. ഒപ്പം നക്ഷത്രങ്ങളും. ഇവ കൈയെത്തിപ്പിടിക്കാമെന്നു തോന്നുന്ന അത്ര അകലത്തില്‍... പേരറിയാത്ത എതോ രാപ്പക്ഷികളുടെ സംഗീതം രാത്രി മുഴുവന്‍ താരാട്ടാകും. രാവിന്റെ പ്രകാശഗോപുരത്തിനുനടുവില്‍ ദൂരെ താഴ്‌വാരത്ത് മറ്റൊരു പ്രകാശമണ്ഡലം കാണാം. കൃത്യമായി പറഞ്ഞാല്‍ 25 കിലോമീറ്റര്‍ അകലെ, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഇനി നിദ്രയാവാമെന്നാണ് വിചാരമെങ്കില്‍ കാഴ്ചകള്‍ ഇനിയും ബാക്കിയാവും!
വെള്ളത്തില്‍നിന്നും വലിയ ഞണ്ടുകള്‍ ചിലപ്പോള്‍ ഗുഹയിലേക്ക് കയറാം. കൈവശം ഭക്ഷണസാധനങ്ങളുണ്ടെങ്കില്‍ എലികളും. പക്ഷേ ഇവയൊന്നും ശല്യമാകുമെന്ന പേടി വേണ്ട. വന്നതുപോലെ തന്നെ ഇറങ്ങിക്കൊള്ളും. മുന്‍പ് ഒരു യാത്രയില്‍ സഹയാത്രികന്‍ ഞണ്ടിനെക്കുറിച്ച് പേടിപ്പെട്ടപ്പോള്‍ മാസങ്ങളോളം ഗുഹയില്‍ വന്നു താമസിക്കാറുള്ള മാധവിയമ്മ പറഞ്ഞത് ഓര്‍മിച്ചു, ''ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ വരുമ്പോള്‍ കടുവയും പാമ്പുമെല്ലാം കൂട്ടിനുണ്ടാവും. എല്ലാവരും ഒരുപോലെയാണിവിടെ. ഇന്നുവരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായ ചരിത്രമില്ലിവിടെ''. സ്വയം ദൈവമെന്ന് അവകാശപ്പെടുന്ന ചില മനുഷ്യദൈവങ്ങളെ ഓര്‍ത്താല്‍ ആ അമ്മയെ നമ്മള്‍ നമിച്ചുപോകും. ഇത്തരം ഒരു അവകാശവാദവുമില്ലാതെ ഭക്തിമാത്രമായി എങ്ങനെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടാമെന്ന് അത്ഭുതം കൂറിപ്പോകും. ഗുഹയില്‍ മാധവിയമ്മയുണ്ടെങ്കില്‍ പട്ടിണിയാവില്ലെന്ന് ഉറപ്പ്. സ്വന്തം അമ്മയുടെ സ്‌നേഹം അവിടെനിന്നും കിട്ടും. ഇങ്ങനെ കുറെ അസാധാരണരായ മനുഷ്യരുടെ സാമീപ്യവും തികച്ചും വ്യത്യസ്തമായ അനുഭവമാണ്.
പുലര്‍ച്ചെ തീര്‍ഥത്തില്‍ കുളിയും കഴിഞ്ഞ് നേരേ ശങ്കരപീഠത്തിലേക്ക്. ആറുമണിയോടെ ശങ്കരപീഠത്തിലെത്തിയാല്‍ മഞ്ഞുമാറിയിട്ടുണ്ടാവില്ല. കുടജാദ്രിയില്‍ ആദ്യം പ്രകാശം വീഴുന്നത് അടിവാരത്താണ്. അരമണിക്കൂറോളം കാത്തിരുന്നാല്‍ മഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യോദയം ദൃശൃമാകും. സന്യാസിമാരുണ്ടെങ്കില്‍ ഉദയസമയത്ത് ദീപം കത്തിച്ച് ആരാധനയുണ്ടാകും. ചിലര്‍ നിലത്തുവീണു നമസ്‌കരിക്കും. പ്രപഞ്ചാരാധനയുടെ പ്രത്യക്ഷോദാഹരണം........
ഇനി നേരേ കുടജാദ്രി ഇറങ്ങിത്തുടങ്ങാം. താഴെ അഗസ്ത്യതീര്‍ഥത്തിലും അഗ്നിതീര്‍ഥത്തിലും അല്‍പസമയം ചെലവിടാം. എത്രയോ കാലടികള്‍ പതിഞ്ഞ മണ്ണാണ്. ആദിശങ്കരന്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്തത്ര മഹത്തുക്കള്‍ ഈ മലനിരകളുടെ പുണ്യം നുകര്‍ന്നവരാണ്. അറിയാത്ത ഒരു വേദന കൂട്ടായെത്തും ഈ മടക്കയാത്രയില്‍. തിരിച്ചിറങ്ങാന്‍ മനസ്സുമടിക്കും. മനസ്സില്ലാമനസോടെ മലയിറങ്ങുമ്പോള്‍ അറിയാതെ സ്വയംചോദിച്ചുപോകും, ''എന്നാണ് വീണ്ടും ഇവിടേയ്‌ക്കൊരു യാത്ര?''

No comments:
Post a Comment