കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥിത്വം തന്നെ നാടകീയമായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത്നിന്ന് മത്സരിക്കാനുള്ള തീരുമാനം തന്നെ അത്തരത്തിലൊന്നായിരുന്നു. ധാരണപ്രകാരം രമേശ് ചെന്നിത്തലക്ക് ധനമന്ത്രി സ്ഥാനം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ ഇതിനിടെ ധനമന്ത്രിസ്ഥാനമെന്ന ആവശ്യവുമായി മാണി പിടിമുറുക്കിയിരുന്നു. ഇതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ബുദ്ധിപൂർവമായ നീക്കം കൂടി ആയതോടെ രമേശിന് പുറത്തിരിക്കേണ്ടി വന്നു. രണ്ട് വർഷത്തിനുള്ളിൽ താക്കോൽ സ്ഥാനം നൽകുമെന്ന ഒരു ഓഫർ കൂടി എൻഎസ്‌എസ് വഴിയും ഹൈക്കമാൻഡ് വഴിയും രമേശ് സമ്പാദിച്ചിരുന്നു. വിധി പിന്നെയും രമേശിന് എതിരായി. താക്കോൽ സ്ഥാനമായ ആഭ്യന്തരവകുപ്പിലേക്ക് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തിരുവഞ്ചൂർ വന്നു. ഇതോടെ ഐ ഗ്രൂപ്പിന് പ്രതീക്ഷ നഷ്ടമായി. എതിർചേരിയിൽ എ ഗ്രൂപ്പിനെതിരേ പടനീക്കങ്ങൾ തുടങ്ങി. ഇവിടെയും ഉമ്മൻ ചാണ്ടിയുടെ കാഞ്ഞബുദ്ധി പ്രവർത്തിച്ചു. സ്ഥാനം നൽകി ചെന്നിത്തലയെ വാഴിക്കുമെന്ന പ്രതീക്ഷ ഒരെല്ലിൻ കഷ്ണം കണക്കേ നീട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.
ഇതാണ് കേരള രക്ഷാമാർച്ച് തിരുവനന്തപുരത്ത് എത്തുമ്പോൾ ഭരണരംഗത്ത് വൻ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനം നടത്താൻ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചതും. ഇതോടെ ചെന്നിത്തല മന്ത്രി സഭയിലേക്ക് എന്ന അഭ്യൂഹം ശക്തമായി. വാർത്താമാധ്യമങ്ങൾ ചർച്ചയ്ക്ക് തിരികൊളുത്തി. വാർത്ത ശരിയാണെന്ന രീതിയിൽ ചെന്നിത്തലയും തലയാട്ടിയതോടെ സ്ഥാനലബ്ധി ഏറെക്കുറെ ഉറപ്പായി. എന്നാൽ തലസ്ഥാനത്ത് എത്തിയ രമേശിന് അപമാനിതനാവാനായിരുന്നു വിധി. ഇതോടെ ഉമ്മൻ ചാണ്ടിക്കെതിരേയുള്ള നീക്കവും ചടുലവേഗത്തിലായിരുന്നു. അങ്ങനെയാണ് സോളാർ കേസ് മുഖ്യധാരയിലേക്ക് വരുന്നതും കേരള രാഷ്ട്രീയത്തെ പിടിച്ച് ഉലയ്ക്കുന്ന ഒന്നായി മാറുന്നതും.
കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഡിസിസി ഭാരവാഹിയുമായ സുബ്രഹ്മണ്യനാണ് ആദ്യം സരിതയ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഈ വാർത്ത ആദ്യം എക്സ്ക്ലൂസീവ് ആയി റിപ്പോർട്ട് ചെയ്തത് കൈരളി പീപ്പിൾ ചാനലായിരുന്നു. ഇതിനുപുറമേ പത്തനംതിട്ട കോന്നിയിലെ വ്യവസായി ശ്രീധരൻ നായർ സരിത നായർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നു കാട്ടി കേസ് ഫയൽ ചെയ്തു. ഇതിനൊപ്പം കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ പരാതിയാണ് സരിത അറസ്റ്റിലാവാൻ കാരണം.
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ്. നായര്‍ മുമ്പ് ലക്ഷ്മി എസ്. നായരായി അറിയപ്പെട്ട കാലത്ത്, തന്റെ ഭാര്യാസഹോദരന്റെ ഡീലര്‍ഷിപ്പ് പണം തിരിച്ചുകിട്ടുന്നതിന് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തൽ. ഇതേതുടർന്നാണ് തട്ടിപ്പ് വെളിവാകുന്നതെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. ഇതോടെ പ്രതിക്കൂട്ടിലായത് മുഖ്യമന്ത്രിയായിരുന്നു.
ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന് കണ്ടെത്തി. ഇതോടെ ഉമ്മൻ ചാണ്ടി രാജി വെക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രധാന പേഴ്സണൽ സ്റ്റാഫുകളായ ജിക്കുമോൻ ജേക്കബ്, ടെന്നി ജോപ്പൻ, ഗൺമാൻ സലീംരാജ് എന്നിവരെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാർട്ടി ആയ കേരള കോൺഗ്രസ് മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തർ ആയവരെല്ലാം ടീം സോളാർ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിയുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫുകളുടെയെല്ലാം ഫോണുകളിൽ നൂറിലധികം പ്രാവശ്യമാണ് സരിതയെ ബന്ധപ്പെട്ടതെന്ന് കാട്ടുന്ന രേഖകൾ പുറത്തുവന്നിരുന്നു. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത മുഖ്യമന്ത്രി ഇവരുടെ ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും കൂട്ടിവായിക്കുമ്പോൾ ചിത്രം വ്യക്തമാകും. കൂടാതെ മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സരിതക്ക് പണം നൽകിയതെന്ന ശ്രീധരൻ നായരുടെ മൊഴി.എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാൻ അന്വേഷണസംഘം തയാറായില്ലായെന്നതാണ് യാഥാർഥ്യം. ഫലത്തിൽ പ്രതിപ്പട്ടികയിൽനിന്ന് ഉമ്മൻ ചാണ്ടി ഒഴിവായി. എന്നാൽ അമ്പതു വർഷത്തെ രാഷ്ട്രീയപ്രവർത്തനത്തിലൂടെ കെട്ടിപ്പടുത്ത അഴിമതിവിരുദ്ധനും സംശുദ്ധനുമായ രാഷ്ട്രീയനേതാവെന്ന ഇമേജ് ഒരു സുപ്രഭാതത്തിൽ നഷ്ടമായി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ശാലു മേനോനിൽനിന്നും പെൻഡ്രൈവ് ലഭിച്ചെന്നും അത് ഉപയോഗിച്ച് തിരുവഞ്ചൂർ ബ്ലാക്‌മെയിൽ ചെയ്യുന്നതായും വാർത്തകൾ പരന്നു. അതുകൊണ്ടാണത്രേ മന്ത്രിസഭയിൽനിന്ന് തിരുവഞ്ചൂരിനെ മാറ്റാതിരിക്കുന്നതും.
കേരള രാഷ്ട്രീയത്തില്‍ സരിത എസ് നായരുടെ സ്ഥാനം എന്താണ്? അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് ആരാണ് സരിത? എന്തായാലും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. സരിതയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വലത് - ഇടത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ട്, ആരാണെന്ന് വെളിപ്പെടുത്തില്ല. പക്ഷേ ഇതിനിടെ ചിലരെ ലക്‍ഷ്യംവെച്ച് മാത്രം ചില വെളിപ്പെടുത്തലുകള്‍. ഇതിനുകാരണം എന്തായാലും ഒരു കാര്യം വ്യക്തമാണ്, സരിത നടത്തുന്നത് വിലപേശല്‍ തന്ത്രമാണ്. ചെറുമീനുകളെയിട്ട് വലിയമീനിനെ പിടിക്കുക എന്ന പഴയ തന്ത്രം തന്നെ. സരിത ഇപ്പോള്‍ ഒരു രാഷ്ട്രീയ ആയുധമാണ്, അത് വൃത്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.
കേരള രാഷ്ട്രീയം, പ്രത്യേകിച്ച് യുഡിഎഫ് ഭരണം ഒരു പെണ്ണിന്റെ പേരിന് ചുറ്റും എന്ന നാണംകെട്ട പ്രതിഭാസത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സരിത പുറത്തുവന്നത് ലക്‍ഷങ്ങള്‍ ഒഴുക്കിയാണ്. ഈ പണം നല്‍കിയത് ബന്ധുക്കളാണെന്നാണ് സരിതയുടെ ഭാഷ്യം. എന്നാല്‍ വര്‍ഷങ്ങളായി ബന്ധുക്കളുമായി സരിതയ്ക്കും കുടുംബത്തിനും ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ പുറമേനിന്ന് ആരോ പണംവാരിയെറുന്നു, സരിത എന്ന വ്യക്തിയെ സംരക്ഷിക്കാന്‍. അതാരാണ് എന്നതാണ് വര്‍ത്തമാനകേരളം ചര്‍ച്ച ചെയ്യുന്നത്. ഇപ്പോൾ അബ്ദുള്ളക്കുട്ടി കിടപ്പറ പങ്കിടാൻ വിളിച്ചുവെന്ന ആരോപണം ഒരു മുന്നറിയിപ്പാണ്. സംരക്ഷിച്ചില്ലെങ്കിൽ തകർക്കുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ സരിതയെന്ന സ്ത്രീയുടെ പാവാടത്തുമ്പിലാണ് യുഡിഎഫ് ഭരണത്തിന്റെ താക്കോൽ. അതുകൊണ്ട് തന്നെ സരിത എന്ന പ്രതിഭാസം കുറച്ചുനാള്‍ക്കൂടി കേരള രാഷ്ടീയത്തെ പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍.









