Search This Blog

Monday, March 3, 2014

രാഷ്ട്രീയചക്രം തിരിയുന്നത് പാവാടത്തുമ്പിൽ; ഭരണം സരിതോർജത്തിൽ!

രാഷ്ട്രീയം ഒരു തരം ചതുരംഗക്കളിയാണ്. രാജാവും രാജ്ഞിയും മന്ത്രിയും കാലാളുമൊക്കെ നിരക്കുന്ന ഒന്നാന്തരം കളി. ഇതിൽ രാജാവ് ആരാണ് എന്നതൊക്കെ വരട്ടെ. കേരളത്തിലെ രാഷ്ട്രീയം ഇപ്പോൾ ഒരുതരം ഞാണിന്മേൽ കളിയാണ്. ഏതുസമയവും നിലംപൊത്താവുന്ന വിധമാണ് മന്ത്രിസഭയുടെ പോക്കെന്ന് അറിയാൻ ജ്യോതിഷത്തിന്റെ ആവശ്യമില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകാൻ കളിച്ച കളിയാണ് യുഡിഎഫ് മന്ത്രിസഭയെയും സർവോ‌പരി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അപമാനിതനും അഴിമതിക്കാരനുമാക്കി മാറ്റിയത്. സോളാർ കേസ് ഐ ഗ്രൂപ്പിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയ ആയുധമായിരുന്നു. അതിന് വ്യക്തമായ കാരണവും ഐ ഗ്രൂപ്പിനുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥിത്വം തന്നെ നാടകീയമായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത്നിന്ന് മത്സരിക്കാനുള്ള തീരുമാനം തന്നെ അത്തരത്തിലൊന്നായിരുന്നു. ധാരണപ്രകാരം രമേശ് ചെന്നിത്തലക്ക് ധനമന്ത്രി സ്ഥാനം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ ഇതിനിടെ ധനമന്ത്രിസ്ഥാനമെന്ന ആവശ്യവുമായി മാണി പിടിമുറുക്കിയിരുന്നു. ഇതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ബുദ്ധിപൂർവമായ നീക്കം കൂടി ആയതോടെ രമേശിന് പുറത്തിരിക്കേണ്ടി വന്നു. രണ്ട് വർഷത്തിനുള്ളിൽ താക്കോൽ സ്ഥാനം നൽകുമെന്ന ഒരു ഓഫർ കൂടി എ‌ൻഎസ്‌എസ് വഴിയും ഹൈക്കമാൻഡ് വഴിയും രമേശ് സമ്പാദിച്ചിരുന്നു. വിധി പിന്നെയും രമേശിന് എതിരായി. താക്കോൽ സ്ഥാനമായ ആഭ്യന്തരവകുപ്പിലേക്ക് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തിരുവഞ്ചൂർ വന്നു. ഇതോടെ ഐ ഗ്രൂപ്പിന് പ്രതീക്ഷ നഷ്ടമായി. എതിർചേരിയിൽ എ ഗ്രൂപ്പിനെതിരേ പടനീക്കങ്ങൾ തുടങ്ങി. ഇവിടെയും ഉമ്മൻ ‌ചാണ്ടിയുടെ കാഞ്ഞബുദ്ധി പ്രവർത്തിച്ചു. സ്ഥാനം നൽകി ചെന്നിത്തലയെ വാഴിക്കുമെന്ന പ്രതീക്ഷ ഒരെല്ലിൻ കഷ്ണം കണക്കേ നീട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

ഇതാണ് കേരള രക്ഷാമാർച്ച് തിരുവനന്തപുരത്ത് എത്തുമ്പോൾ ഭരണരംഗത്ത് വൻ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനം നടത്താൻ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചതും. ഇതോടെ ചെന്നിത്തല മന്ത്രി സഭയിലേക്ക് എന്ന അഭ്യൂഹം ശക്തമായി. വാർത്താമാധ്യമങ്ങൾ ചർച്ചയ്ക്ക് തിരികൊളുത്തി. വാർത്ത ശരിയാണെന്ന രീതിയിൽ ചെന്നിത്തലയും തലയാട്ടിയതോടെ സ്ഥാനലബ്ധി ഏറെക്കുറെ ഉറപ്പായി. എന്നാൽ തലസ്ഥാനത്ത് എത്തിയ രമേശിന് അപമാനിതനാവാനായിരുന്നു വിധി. ഇതോടെ ഉമ്മൻ ചാണ്ടിക്കെതിരേയുള്ള നീക്കവും ചടുലവേഗത്തിലായിരുന്നു. അങ്ങനെയാണ് സോളാർ കേസ് മുഖ്യധാരയിലേക്ക് വരുന്നതും കേരള രാഷ്ട്രീയത്തെ പിടിച്ച് ഉലയ്ക്കുന്ന ഒന്നായി മാറുന്നതും.

കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഡിസിസി ഭാരവാഹിയുമായ സുബ്രഹ്മണ്യനാണ് ആദ്യം സരിതയ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഈ വാർത്ത ആദ്യം എക്സ്ക്ലൂസീവ് ആയി റിപ്പോർട്ട് ചെയ്തത് കൈരളി പീപ്പിൾ ചാനലായിരുന്നു. ഇതിനുപുറമേ പത്തനംതിട്ട കോന്നിയിലെ വ്യവസായി ശ്രീധരൻ നായർ സരിത നായർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നു കാട്ടി കേസ് ഫയൽ ചെയ്തു. ഇതിനൊപ്പം കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ പരാതിയാണ് സരിത അറസ്റ്റിലാവാൻ കാരണം.


സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ്. നായര്‍ മുമ്പ് ലക്ഷ്മി എസ്. നായരായി അറിയപ്പെട്ട കാലത്ത്, തന്റെ ഭാര്യാസഹോദരന്റെ ഡീലര്‍ഷിപ്പ് പണം തിരിച്ചുകിട്ടുന്നതിന് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തൽ. ഇതേതുടർന്നാണ് തട്ടിപ്പ് വെളിവാകുന്നതെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. ഇതോടെ പ്രതിക്കൂട്ടിലായത് മുഖ്യമന്ത്രിയായിരുന്നു.

ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന് കണ്ടെത്തി. ഇതോടെ ഉമ്മൻ ചാണ്ടി രാജി വെക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രധാന പേഴ്സണൽ സ്റ്റാഫുകളായ ജിക്കുമോൻ ജേക്കബ്, ടെന്നി ജോപ്പൻ, ഗൺമാൻ സലീംരാജ് എന്നിവരെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാർട്ടി ആയ കേരള കോൺഗ്രസ്‌ മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തർ ആയവരെല്ലാം ടീം സോളാർ വിവാദ കമ്പനിയുടെ പ്രവര്ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളിൽ തെളിയുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫുകളുടെയെല്ലാം ഫോണുകളിൽ നൂറിലധികം പ്രാവശ്യമാണ് സരിതയെ ബന്ധപ്പെട്ടതെന്ന് കാട്ടുന്ന രേഖകൾ പുറത്തുവന്നിരുന്നു. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത മുഖ്യമന്ത്രി ഇവരുടെ ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും കൂട്ടിവായിക്കുമ്പോൾ ചിത്രം വ്യക്തമാകും. കൂടാതെ മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സരിതക്ക് പണം നൽകിയതെന്ന ശ്രീധരൻ നായരുടെ മൊഴി.എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാൻ അന്വേഷണസംഘം തയാറായില്ലായെന്നതാണ് യാഥാർഥ്യം. ഫലത്തിൽ പ്രതിപ്പട്ടികയിൽനിന്ന് ഉമ്മൻ ചാണ്ടി ഒഴിവായി. എന്നാൽ അമ്പതു വർഷത്തെ രാഷ്ട്രീയപ്രവർത്തനത്തിലൂടെ കെട്ടിപ്പടുത്ത അഴിമതിവിരുദ്ധനും സംശുദ്ധനുമായ രാഷ്ട്രീയനേതാവെന്ന ഇമേജ് ഒരു സുപ്രഭാതത്തിൽ നഷ്ടമായി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ശാലു മേനോനിൽനിന്നും പെൻഡ്രൈവ് ലഭിച്ചെന്നും അത് ഉപയോഗിച്ച് തിരുവഞ്ചൂർ ബ്ലാക്‌മെയിൽ ചെയ്യുന്നതായും വാർത്തകൾ പരന്നു. അതുകൊണ്ടാണത്രേ മന്ത്രിസഭയിൽനിന്ന് തിരുവഞ്ചൂരിനെ മാറ്റാതിരിക്കുന്നതും.

കേരള രാഷ്ട്രീയത്തില്‍ സരിത എസ് നായരുടെ സ്ഥാനം എന്താണ്? അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് ആരാണ് സരിത? എന്തായാലും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. സരിതയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വലത്‌ - ഇടത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ട്, ആരാണെന്ന് വെളിപ്പെടുത്തില്ല. പക്ഷേ ഇതിനിടെ ചിലരെ ലക്‍ഷ്യംവെച്ച് മാത്രം ചില വെളിപ്പെടുത്തലുകള്‍. ഇതിനുകാരണം എന്തായാലും ഒരു കാര്യം വ്യക്തമാണ്, സരിത നടത്തുന്നത് വിലപേശല്‍ തന്ത്രമാണ്. ചെറുമീനുകളെയിട്ട് വലിയമീനിനെ പിടിക്കുക എന്ന പഴയ തന്ത്രം തന്നെ. സരിത ഇപ്പോള്‍ ഒരു രാഷ്ട്രീയ ആയുധമാണ്, അത് വൃത്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.

കേരള രാഷ്ട്രീയം, പ്രത്യേകിച്ച് യുഡി‌എഫ് ഭരണം ഒരു പെണ്ണിന്റെ പേരിന് ചുറ്റും എന്ന നാണംകെട്ട പ്രതിഭാസത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സരിത പുറത്തുവന്നത് ലക്‍ഷങ്ങള്‍ ഒഴുക്കിയാണ്. ഈ പണം നല്‍കിയത് ബന്ധുക്കളാണെന്നാണ് സരിതയുടെ ഭാഷ്യം. എന്നാല്‍ വര്‍ഷങ്ങളായി ബന്ധുക്കളുമായി സരിതയ്ക്കും കുടുംബത്തിനും ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ പുറമേനിന്ന് ആരോ പണംവാരിയെറുന്നു, സരിത എന്ന വ്യക്തിയെ സംരക്ഷിക്കാന്‍. അതാരാണ് എന്നതാണ് വര്‍ത്തമാനകേരളം ചര്‍ച്ച ചെയ്യുന്നത്. ഇപ്പോൾ അബ്ദുള്ളക്കുട്ടി കിടപ്പറ പങ്കിടാൻ വിളിച്ചുവെന്ന ആരോപണം ഒരു മുന്നറിയിപ്പാണ്. സംരക്ഷിച്ചില്ലെങ്കിൽ തകർക്കുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ സരിതയെന്ന സ്ത്രീയുടെ പാവാടത്തുമ്പിലാണ് യുഡിഎഫ് ഭരണത്തിന്റെ താക്കോൽ. അതുകൊണ്ട് തന്നെ സരിത എന്ന പ്രതിഭാസം കുറച്ചുനാള്‍ക്കൂടി കേരള രാഷ്ടീയത്തെ പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്ത സാ‍ഹചര്യത്തില്‍.





Thursday, February 20, 2014

രാജീവ് ഗാന്ധി വധക്കേസും ഭയപ്പെടേണ്ടുന്ന തമിഴ് രാഷ്ട്രീയവും

ലോകത്ത് സ്വന്തം രാജ്യത്തിന് എതിരായി ഗൂഢാലോചന നടത്തി, മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ പ്രതികളെ വിട്ടയച്ചതിന് ആഘോഷം നടത്തിയ ആദ്യ ജനതയെന്ന പദവിയും ഇന്ത്യയ്ക്ക് സ്വന്തമാകുകയാണ്. രാജീവ് കേസില്‍ വധശിക്ഷയ്ക്ക് വിധേയരായ പ്രതികള്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിനു പുറമേ വധശിക്ഷയില്‍ ഇളവ് ലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, ജീവപര്യന്തം തടവുകാരായ റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയചന്ദ്രന്‍ എന്നീ പ്രതികളെ വിട്ടയക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ സ്വന്തം അധികാരം ഉപയോഗിച്ച് പ്രതികളെ വിട്ടയയ്ക്കുമെന്നാണ് പുരട്ചി തലൈവിയുടെ ഭീഷണി. ഇതിനു പിന്നാലെ ലഢു വിതരണവും പടക്കം പൊട്ടിക്കലുമായി ആഘോഷം തുടങ്ങിയെന്നത് ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യം. ജോലി ചെയ്യുന്ന സ്വന്തം ഓഫീസില്‍ വരെ ഈ ആഘോഷം കാണാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായിയെന്നത് ഈയുള്ളവന്റെ സമയദോഷം. (ചെറുപ്പത്തില്‍ രാജീവ് വധത്തെക്കുറിച്ച് ഇന്ത്യാ ടുഡേയില്‍ വന്ന ലേഖനവും ചിത്രങ്ങളും വീട്ടിലെ വാതിലില്‍ ഒട്ടിച്ചു വച്ചിരുന്ന 'ജീവിക്കുന്നു ജനഹൃദയങ്ങളിലൂടെ' എന്ന ക്യാപ്ഷനുള്ള രാജീവ് ഗാന്ധിയുടെ ചിരിക്കുന്ന പടം, ഇത് രണ്ടും ഉള്ളില്‍ സൃഷ്ടിച്ചതാണീ രോഷം. എതിരഭിപ്രായമുള്ളവര്‍ ക്ഷമിക്കണമെന്ന് വ്യംഗ്യം)
 
തമിഴന്റെ സ്വവര്‍ഗത്തോടുള്ള അമിത സ്നേഹത്തിനും ഭാഷാഭ്രാന്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തരം പിതൃശൂന്യമായ സ്വഭാവരീതികളെന്ന് പറയാതെ വയ്യ. ഒപ്പം മറ്റൊരു കാര്യം കൂടി ഇതിനോട് കൂട്ടിവായിക്കണം, രാജീവ് ഗാന്ധിയെ കൊല്ലാന്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷി ഭേദമെന്യേ എല്ലാവരും പങ്കുചേര്‍ന്നു. ഇതിനു തക്ക തെളിവുകളും ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയവ്യഭിചാരത്തില്‍ അവയെല്ലാം തമസ്കരിക്കപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാരുടെ വരെ പിന്തുണ എല്‍ടിടിക്ക് കിട്ടിയെന്ന് പറയുമ്പോള്‍ ഗൂഢാലോചനയുടെ ആഴം നാം മനസിലാക്കണം. രാജീവ് വധക്കേസില്‍ പ്രതിയായ നളിനിയുടെ അഭിഭാഷകനായ ദുരൈസ്വാമിയുടെ അഭിമുഖം തെഹല്‍ക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1991 മേയ് 21, രാത്രി 10:20. ലോകത്ത് മുന്നില്‍ ഇന്ത്യയുടെ ചിരിക്കുന്ന മുഖമായിരുന്ന മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി എല്‍ടിടിയുടെ മനുഷ്യബോംബായ ശുഭയാല്‍ കൊല്ലപ്പെടുന്നു. 14 ഓളം പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ അനവധി. എന്നാല്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു നേതാവ് പോലും കൊല്ലപ്പെട്ടില്ല. കൊല്ലപ്പെടാത്തതിലുള്ള വിഷമമാണെന്ന് ധരിക്കരുത്. സാമാന്യബുദ്ധിയില്‍ ചിന്തിച്ചു നോക്കൂ, നമ്മുടെ നാട്ടില്‍ ഒരു ഡിസിസി പ്രസിഡന്റ് മരിച്ചാല്‍ പോലും കൊല്ലപ്പെടുന്ന നേതാക്കളുടെ എണ്ണം ഇതിലും എത്രയോ അധികമായിരിക്കും.
21 ന് ശ്രീപെരുംമ്പത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരഗതം ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കുചേരാനാണ് രാജീവ് എത്തിയത്. ഇതുസംബന്ധിച്ച് എഐസിസി തീരുമാനമുണ്ടായത് മേയ് 18നാണ്. എന്നാല്‍ മേയ് 17ന് ഇറങ്ങിയ ദിനതന്തിയില്‍ രാജീവ് 21ന് എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എഐസിസി തീരുമാനമുണ്ടാകും മുമ്പേ ദിനതന്തിയില്‍ ഈ വാര്‍ത്ത വന്നതെങ്ങനെ?

രാജീവിന്റെ സന്ദര്‍ശനത്തെ അന്നത്തെ തമിഴ്നാട് ഗവര്‍ണറായിരുന്ന ഭീഷ്മ നരേന്‍ സിംഗും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന വാഴപ്പാടി രാമമൂര്‍ത്തിയും എതിര്‍ത്തിരുന്നു. ഇതിനെയെല്ലാം മറികടന്ന് കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ചാണ് മരഗതം രാജീവിനെ താരതമ്യേന അവികസിത ഗ്രാമമായിരുന്ന ശ്രീപെരുംമ്പത്തൂര്‍ എത്തിച്ചത്. സ്കൂള്‍ മൈതാനത്ത് സമ്മേളനം നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയെങ്കിലും മരഗതത്തിന് മാത്രമറിയാവുന്ന കാരണങ്ങളാല്‍ ഇത് ക്ഷേത്രമൈതാനത്തേക്ക് മാറ്റി. ഈ വിവരം പൊലീസിനെ അറിയിച്ചുമില്ല. രാജീവ് ഗാന്ധിയുടെ സുരക്ഷാക്രമീകരണങ്ങള്‍ കുഴഞ്ഞുമറിയാന്‍ ഇത് ഒരുപരിധി വരെ കാരണമായി. ഇന്നത്തെ കേന്ദ്രമന്ത്രിയായ ജി കെ വാസന്റെ പിതാവ് ജി മൂപ്പനാര്‍ രാജീവിനെ സ്വീകരിച്ചശേഷം തിടുക്കത്തില്‍ രംഗം വിട്ടതുപോലും സംശയാസ്പദമാണെന്ന് പറയപ്പെടുന്നു. കൂടാതെ മനുഷ്യബോംബായ ശുഭ രണ്ട് മണിക്കൂറോളം വേദിക്ക് അരികില്‍ കാത്തുനിന്നു എന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും കേസ് അന്വേഷണത്തിനിടെ കാണാതായത് ദുരൂഹതയുളവാക്കുന്നതാണ്. അസ്വാഭാവികമായി ഒരു സ്ത്രീ കാത്തുനില്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് പൊലീസ് ഒരു പരിശോധനയ്ക്ക് പോലും തയാറാവാതിരുന്നത്?

രാജീവ് ഗാന്ധി വധത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ പങ്കിനെപ്പറ്റി അന്വേഷണം നടത്തിയില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍ കെ രഘോത്തമന്‍ ആരോപിച്ചിരുന്നു‍. രാഷ്ട്രീയ സമ്മര്‍ദം കാരണം അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അന്നത്തെ സിബിഐ മേധാവി ഡി കാര്‍ത്തികേയന്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയില്ലെന്നാണ് വെളിപ്പെടുത്തല്‍. സിബിഐ എസ്പി ആയിരുന്ന രാഘോത്തമനായിരുന്നു അന്വേഷണ സംഘത്തലവന്‍. സ്‌ഫോടനം നടന്ന ശ്രീപെരുംമ്പത്തൂരില്‍ കരുണാനിധി പങ്കെടുക്കാനിരുന്ന യോഗം അവസാന നിമിഷമാണ് മാറ്റിയത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷേ, കാര്‍ത്തികേയന്‍ അനുവദിച്ചില്ല. എംഡിഎംകെ നേതാവ് വൈകോ, രാജീവ് പങ്കെടുത്ത യോഗം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് മറുതാണി ചന്ദ്രശേഖര്‍ എന്നിവരിലേക്കും അന്വേഷണമുണ്ടായില്ല. ഇങ്ങനെ രാജീവ് വധത്തെക്കുറച്ചുള്ള ദുരൂഹതകള്‍ അനവധിയാണ്. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്കാണ്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുപിഎ ഇറക്കിയ കാര്‍ഡാണ് രാജീവ് കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനം. എന്നാല്‍ അവര്‍ മുന്നില്‍ കണ്ടതിനേക്കാള്‍ വലിയ രാഷ്ടീയ നീക്കമാണ് ജയലളിത നടത്തിയിരിക്കുന്നത്. 

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. തീരുമാനത്തിനെതിരേ രാജീവിന്റെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്തുണ്ട്. തന്റെ പിതാവ് രാജ്യത്തിന് വേണ്ടിയാണ് രക്തസാക്ഷിയായത്. ഘാതകരെ വിട്ടയക്കുന്നതില്‍ ദുഃഖമുണ്ടെന്നും രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാല്‍ രാഹുലിന്റെ അസ്ഥാനത്തുള്ള പ്രതികരണം കാണുമ്പോള്‍ നാവില്‍ വരുന്നത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റാണ്, "പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചപ്പോള്‍, ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ കത്തെഴുതുമ്പോള്‍ 'ബുദ്ദു' എവിടെയായിരുന്നു??"


Tuesday, February 18, 2014

അമൃതാനന്ദമയിയുടെ കെട്ടിപ്പിടിക്കലിന്റെ രാഷ്ട്രീയം

സുകുമാർ അഴീക്കോടിന്റെ അമൃതാനന്ദമയിയെക്കുറിച്ച് ശ്രദ്ധേയമായൊരു നിരീക്ഷണമുണ്ട്- "വിദേശത്തുനിന്നും ഇന്ത്യയിലെത്തി ഇവിടത്തെ അനാഥരെയും പാവപ്പെട്ടവരെയും രോഗികളെയും ആലിംഗനം ചെയ്‌ത മദര്‍ തെരേസയില്‍ നിന്നാണ്‌ അമൃതാനന്ദമയി പാഠം പഠിക്കേണ്ടത്‌. അവര്‍ ആലിംഗനം ചെയ്യുന്നത്‌ സമ്പന്നരെയാണ്‌. അമൃതാനന്ദമയിയെ  വിമര്‍ശിച്ചതിനെതിരെ അവരുടെ ശിഷ്യര്‍ എഴുതിയ കത്തുകളിലെ ഭാഷതന്നെ യഥാര്‍ത്ഥമുഖം വെളിവാക്കുന്നു." യഥാർഥത്തിൽ അമ്മയെന്ന് ലോകത്തിനു മുന്നിൽ ലേബൽ ചെയ്ത് നടക്കുന്ന സുധാമണിയെന്ന മാതാ അമൃതാനന്ദമയിക്ക് ഇതിൽപ്പരം എന്തു മേന്മയാണുള്ളത്? ഒരു കുഷ്ഠരോഗിയെയോ ഭിക്ഷുവിനെയോ ആലിംഗനം ചെയ്യുന്ന അമൃതാനന്ദമയിയെ എവിടെങ്കിലും നമ്മൾ കണ്ടിട്ടുണ്ടോ? എസിയില്ലാതെ ദർശനം നൽകുവാൻ ഇവർക്ക് സാധിക്കുമോ?

ഈ കപട ആത്മീയത എന്നെങ്കിലും തകർന്നു വീഴും, അല്ലെങ്കിൽ വീണുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ സഹായിയായി പ്രവര്‍ത്തിച്ച ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ 'ഹോളി ഹെല്‍, എ മെമ്മയർ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആൻഡ് പുവര്‍ മാഡ്‌നസ്' എന്ന പുസ്തകം. ആശ്രമത്തിൽ ബലാത്സംഗങ്ങളും അവിഹിത ബന്ധങ്ങളും ഏറെയാണെന്ന് പറഞ്ഞു വയ്ക്കുന്നു ഗെയ്‌ൽ. കൂടാതെ ദശലക്ഷ കണക്കിന് വരുന്ന സ്വിസ് ബാങ്ക് നിക്ഷേപങ്ങളുടെ കഥകളും. ഇവയെല്ലാം സത്യമാണെങ്കിലും അല്ലെങ്കിലും ഈ കഥകളിൽ അമ്മയും അനുചരവൃന്ദങ്ങളും അസ്വസ്ഥരാണ് എന്നത് വാസ്തവമാണ്. യഥാർഥ സന്യാസപാരമ്പര്യം പിന്തുടരുന്നവരാണെങ്കിൽ എന്തിന് മണിമാളികളിലും എസി മുറികളിലും അന്തിയുറങ്ങണം ഈ സന്യാസികൾ. സാമൂഹിക സേവനത്തിനായി ഇവർ ധൈര്യമുണ്ടെങ്കിൽ തെരുവോരത്ത് ഇറങ്ങട്ടെ. സുനാമി ബാധിതർക്ക് വീടുകൾക്ക് വെച്ചു കൊടുത്തതും കേന്ദ്രസർക്കാർ നൽകിയതിൽ കൂടുതൽ ഫണ്ട് നൽകുന്നതുമൊക്കെ വലിയ കാര്യമായി അവതരിപ്പിക്കുമ്പോൾ തന്നെ ചില മറുചോദ്യങ്ങൾ ഉയരുന്നുണ്ട്. ഏവിടെ നിന്നാണ് ഈ പണം? ഇതിന്റെ കണക്കുകൾ ഇനിയും നികുതി വകുപ്പിനെ അറിയിക്കാൻ അമൃതാനന്ദമയി മഠം മടിക്കുന്നതെന്തു കൊണ്ടാണ്?

ഇനി കെട്ടിപ്പിടിക്കൽ കൊണ്ട് നിരാലംബർക്ക് ആശ്വാസം ലഭിക്കുന്നുണ്ടെന്ന 'ശാസ്ത്രീയ പഠനം' ചില ശിഷ്യന്മാർ പറയുന്നതു കേൾക്കാം. തട്ടിപ്പിൽ വീഴുന്നവരിൽ ഏറെയും പാവപ്പെട്ടവരാണ് ഭായ്. പണമുള്ളവർക്ക് മുൻഗണനയുണ്ട് ഈ ആൾദൈവാശ്രമത്തിൽ. പക്ഷേ ഉള്ളതുകൊടുത്ത് മഠത്തിൽ ചേർന്ന് സ്വത്തുക്കൾ എല്ലാ അമ്മയുടെ കാൽക്കൽ സമർപ്പിച്ച എത്രയോ പാവങ്ങൾ തിരികെപോവാൻ കഴിയാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ടെന്നതും വാസ്തവമാണ്. ഇതിനിടെ ഹിന്ദുത്വത്തിന്റെ മറവ് പിടിച്ച് ആർഎസ്എസിന്റെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. ഒരു കൂട്ടം ഹിന്ദുക്കളെ ഒരുമിച്ച് കിട്ടിയ സന്തോഷത്തിൽ ആർഎസ്എസും അമ്മയുടെ ദിവ്യത്വം അംഗീകരിച്ച് കോൾമയിർ കൊള്ളുന്നു.


'ആ സിന്‌ധു സിന്‌ധു പര്യന്താ യസ്യ ഭാരതഭൂമികാ
പിതൃഭുഃ പുണ്യഭൂശ്ചൈവ സവൈ ഹിന്ദുരിസ്‌മൃത: (സിന്ധു നദീതടത്തിൽ ജീവിക്കുന്നവനും ഈ ഭാരതത്തെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്നവൻ ആരാണോ അവനാണ് ഹിന്ദു) എന്നാണ് നിർവചനം. അതായത് ഭാരതം ഹിന്ദുരാഷ്‌ട്രമാണ്‌ എന്നതിന്‌ അര്‍ത്ഥം മതരാഷ്‌ട്രമാണ്‌ എന്നല്ല. ധര്‍മ്മരാഷ്‌ട്രമാണ്‌ എന്നാണ്‌. വൈദികധര്‍മ്മം, സനാതനധര്‍മ്മം എന്നിവയെ പര്യായമായി പില്‍ക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടതാണ്‌ ഹിന്ദുധര്‍മ്മം എന്ന പദം. അത്‌ മതത്തിന്റെ പേരല്ല. അതുകൊണ്ട് ഹിന്ദുക്കൾ ഒരു മതവിഭാഗമാണെന്ന് വിശ്വസിക്കുന്നവർ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കാതിരിക്കുക. അത് മതമേത് തന്നെ ആയാലും. പണവും വോട്ടും മതവും കൊണ്ട് വ്യഭിചരിക്കുന്നവർ ഒരു രാഷ്ടത്തിനും മുതൽക്കൂട്ടല്ല, മറിച്ച് തുടച്ചുമായ്ക്കപ്പെടേണ്ട ഒരു വിഭാഗമാണ്. ഈ യാഥാർഥ്യങ്ങളെ മറക്കാതിരിക്കുക.