Search This Blog

Tuesday, December 27, 2011

ഇനി ഞാന്‍ എങ്ങനെ ഉറങ്ങും???



ഈ രാത്രി ഇതേ തീവ്രതയോടെ ഇനി എഴുതാന്‍ കഴിയില്ല. കൃതൃമായി പറഞ്ഞാല്‍ ഇരുപതു മിനിറ്റ് മുന്‍പ് എനിക്കുവന്ന ഒരു ഫോണ്‍കോള്‍ അടിമുടി എന്നെ ഉലച്ചു . ഞാന്‍ ജോണേട്ടന്‍ എന്ന് വിളിക്കുന്ന എന്‍െ്‌റ ആത്മാര്‍ഥസുഹൃത്തിന്‍േ്‌റതായിരുന്നു അത്. പകലെടുത്ത ഒരു സ്‌റ്റോറി ഒരു രാത്രി തീരുംമുന്‍പ് ജീവിതത്തോട് അടുത്തുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു ആ കോള്‍. ഒരു സാധുസ്്രതീയുടെ കദനകഥ. ചെറുപ്പത്തിലേ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടത് ഒരു അപകടത്തിലുടെ. പണിസ്ഥലത്തുനിന്നും വീടുവരെ ആ സ്ത്രീയെ എത്തിച്ചത് ജോണേട്ടന്‍െ്‌റ ബൈക്കിനായിരുന്നു. അവര്‍ ആദ്യമായി കയറുന്ന ബൈക്കും അതായിരുന്നു. പേടികൊണ്ട് ശരീരത്തില്‍ അള്ളിപ്പിടിച്ച ആ കരതലങ്ങള്‍ സ്വന്തം അമ്മയുടേതാണെന്ന് ഒരു നിമിഷം ജോണേട്ടനു തോന്നി. കെട്ടിപ്പിടിച്ചിരുന്നോ അമ്മേ ഞാന്‍ സുരക്ഷിതമായി കൊണ്ടുപൊയ്‌ക്കൊള്ളാമെന്ന് ഒരു ഉറപ്പ് കൊടുത്തു ജോണേട്ടന്‍ അവര്‍ക്ക്. അവരുടെ സ്‌നേഹം ആ മനുഷ്യന്‍െ്‌റ സിരകളിലെവിടെയോ കണ്ണീര്‍ വീഴ്ത്തിയത് ആ വാക്കുകളിലൂടെ എന്ിയ്ക്കു മനസിലാകുന്നു. ചില ബന്ധങ്ങള്‍ അങ്ങനെയാണ്, ഒരു നനുത്ത മഞ്ഞിന്‍കണമായി മനസിനെ സ്പര്‍ശിച്ചു മായും....മറ്റു ചിലത് ആഴത്തില്‍ വേരോടുന്ന താമരത്തണ്ടുപോലെ ദു:ഖത്തിലും മധുരസ്മിതം പൊഴിക്കും.....
കഥ ഇവിടെ അവസാനിക്കുന്നില്ല, ഒരു തുടക്കം പറഞ്ഞു നിര്‍ത്തിയെന്നു മാത്രം!
എന്നെ വിളിക്കുന്നതിനു തൊട്ടുമുന്‍പ് സ്‌റ്റോറി ചെയ്ത റിപ്പോര്‍ട്ടര്‍ ജോണേട്ടനെ വിളിക്കുന്നു.  ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിധിയുടെ കാരുണ്യംതേടി ആ സ്ത്രീയുണ്ട്, ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ്! കൈനിറയെ മുഴകള്‍ ഉള്ള നിരാലംബയായ ആ സ്ത്രീയുടെ വാക്കുകള്‍ ഓര്‍മിക്കുന്നു ഇവിടെ ''നാളെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുണ്ട്. എനിക്ക് എന്തെങ്കിലും സഹായം കിട്ടുമോ?'' പാതി തമിഴ് കലര്‍ന്ന മലയാളത്തില്‍ പറഞ്ഞത് ജോണേട്ടന്‍െ്‌റ ഹൃദയത്തില്‍ മുഴങ്ങുന്നത് തിരിച്ചറിയുകയായിരുന്നു ഞാന്‍.
ഇതൊന്നു പത്രത്തില്‍ കയറ്റിയാല്‍ നാളെ മുഖ്യമന്ത്രി കണ്ടാല്‍........ആവശ്യം ഇതായിരുന്നു. ഒരുവട്ടം ഇതിനുവേണ്ടി പരിശ്രമിച്ച് നിസ്സഹായനായി ഞാന്‍ സുഹൃത്തേ...നിന്‍െ്‌റ ആവശ്യം നിറവേറ്റാനാവാത്ത ഒരു പത്രക്കാരനായി ഞാന്‍. ഡെഡ്‌ലൈനിനപ്പുറം ഒരു അപകടവാര്‍ത്ത മാത്രമായി ഇതിനെ കാണുന്ന ഒരു പത്രസമൂഹത്തില്‍ ഞാന്‍ ഏകനാണ്. ക്ഷമിക്കുക.......
ജോണേട്ടന്‍ ഇപ്പോള്‍ കോട്ടയത്തെ മനോരമയുടെ ഓഫീസിലുണ്ട്, വാര്‍ത്ത വരുമെന്ന പ്രതീക്ഷയോടെ....ആ അമ്മ മരിക്കില്ലെന്ന് ഒരു ആത്മവിശ്വാസം ആ കാത്തിരിപ്പില്‍ ഞാന്‍ കാണുന്നു. ഒരു നല്ല ജീവിതം അവര്‍ക്ക്്് ഉണ്ടാവണമെന്ന വാശിയും....മറിച്ചാവരുതെന്ന പ്രാര്‍ഥനയില്‍ ഞാനും...ഇനി ഞാന്‍ എങ്ങനെ ഉറങ്ങും??????

Saturday, July 9, 2011

പ്രകൃതിയിലേയ്ക്ക് ഒരു യാത്ര




'ഇവിടെ നക്ഷത്രങ്ങള്‍ മണ്ണിലേക്ക് ഇറങ്ങിവരും. നിലാവ് നിങ്ങള്‍ക്കുമുന്നില്‍ പുഞ്ചിരി പൊഴിക്കും. പ്രകൃതി തീര്‍ക്കുന്ന മാസ്മരികവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം മറക്കും'. ചിത്രമൂലയെക്കുറിച്ച് അജ്ഞാതനായ ഏതോ യാത്രികന്റെ കുറിപ്പ് ഇങ്ങനെ തുടരുന്നു.....

ചോല വനങ്ങള്‍ക്കു നടുവില്‍ സമുദ്രനിരപ്പില്‍നിന്നും 4500 അടി മുകളില്‍ ഒരു രാത്രി. പ്രകൃതിതീര്‍ത്ത ഗുഹയ്ക്കുള്ളിലെ തണുപ്പിലും മഞ്ഞിലുംപൊതിഞ്ഞ കണ്ണടയ്ക്കാതെ കാഴ്ചകള്‍ കണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അല്ലയോ യാത്രികാ...കുടജാദ്രിയിലെ ചിത്രമൂലയെന്ന ഗുഹയിലേക്കാവാം നിങ്ങളുടെ അടുത്ത യാത്ര.

ഭക്തിയിലും ഏകാന്തയിലും മുങ്ങിയിരിക്കാന്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് പണിതീര്‍ത്ത സൗധം, ചിത്രമൂലയെ ഇങ്ങനെ വിശേഷിപ്പിക്കാം. വിശ്വാസിയും അവിശ്വാസിയും ഇവിടെയെത്തുന്നത് ഒരേ ഒരു കാര്യത്തിനു മാത്രം. മന:ശാന്തിയോടെ ഏകാന്തതയെ തൊട്ടറിയുക, അതിലൂടെ നമ്മുടെ അന്തരാത്മാവിനെയും.......

മൂകാംബികയ്ക്കും കുടജാദ്രിയ്ക്കും വിവരണത്തിന്റെ ആവശ്യമില്ല. എന്നാല്‍ ചിത്രമൂലയെന്ന പുണ്യസങ്കേതം ഇന്നും വിസ്മൃതിയിലാണ്. കുടജാദ്രിക്ക് അലങ്കാരമായി നിലകൊള്ളുന്ന ഗുഹാമുഖം എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മൂലമാവാം യാത്രികര്‍ക്ക് അപ്രാപ്യമാവുന്നത്. എന്നാല്‍ ഒരുതവണയെങ്കിലും കുടജാദ്രി കയറി ഇവിടെയെത്തിയിട്ടുണ്ടെങ്കില്‍ പിന്നീടുള്ള യാത്രകളില്‍ എപ്പോഴെങ്കിലും ഒരുദിനം തങ്ങാതെ പോവില്ലെന്ന് അനുഭവം.

കുടജാദ്രിയിലെ ദേവിയുടെ മൂലക്ഷേത്രത്തില്‍നിന്നും 4 കിലോമീറ്റര്‍ ദൂരം. മിക്കവാറും എല്ലാ തീര്‍ഥാടകരും ശങ്കരപീഠം(സര്‍വജ്ഞപീഠം) കൊണ്ട് യാത്ര അവസാനിപ്പിക്കും. അവിടെനിന്നും താഴേക്ക് കുത്തനെ ഊര്‍ന്നിറങ്ങിയാല്‍ മറ്റൊരു ലോകമാണ് മുന്നില്‍. അപകടം പതിയിരിക്കുന്ന ഇറക്കം. രണ്ട് കിലോമീറ്ററോളം ഊര്‍ന്ന് കഴിയുമ്പോള്‍ ഗുഹാകവാടമായി. ഗുഹയിലേക്ക് പ്രവേശിക്കണമെങ്കില്‍ 25 അടി പൊക്കത്തില്‍ മുകളിലേക്ക് കയറണം. അതും, ആരോ കൊണ്ടുവന്നു വച്ച പഴകിയ ഏണിയിലൂടെ ഒരു ഞാണിന്മേല്‍ കളി. ഗുഹയില്‍ പ്രവേശിച്ചാല്‍ ആദ്യം ദൃശ്യമാകുന്നത് മനോഹരമായ ശിവലിംഗം. പൂജ ചെയ്യേണ്ടവര്‍ക്ക് കാട്ടുപൂക്കള്‍കൊണ്ടൊരു അര്‍ച്ചനയാവാം.

പുണ്യനദിയായ സൗപര്‍ണികയുടെ ഉത്ഭവസ്ഥാനം. അഗ്നി, അഗസ്ത്യ, കാശി തുടങ്ങിയ 41 തീര്‍ഥങ്ങള്‍ ഒന്നുചേര്‍ന്ന് 64 കൂട്ടം ഔഷധസസ്യങ്ങളുടെ തലോടലേറ്റ് സൗപര്‍ണികയായി രൂപാന്തരം പ്രാപിക്കുന്നു. ഐതിഹ്യങ്ങളുടെ ആവരണം പുണ്യസങ്കേതമെന്ന കീര്‍ത്തി ചിത്രമൂലയ്ക്കു പതിച്ചുനല്‍കുന്നു. ആദി ശങ്കരനും കോലമഹര്‍ഷിയും തപസ്സ് ചെയ്ത സ്ഥലമെന്ന കീര്‍ത്തിയാണ് പുരാണങ്ങള്‍ ചിത്രമൂലയ്ക്കു കല്‍പിച്ചുനല്‍കുന്നത്. ശങ്കരാചാര്യര്‍ തപസ്സ് ചെയ്തപ്പോള്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി നിര്‍മിച്ചുനല്‍കിയ തീര്‍ഥമാണ് ഗുഹയിലേതെന്നും ഐതിഹ്യം. ഇങ്ങനെയാണത്രേ സൗപര്‍ണികയുടെ ഉത്ഭവം.

പുരാണങ്ങളും ഐതിഹ്യങ്ങളും എന്തുമാകട്ടെ. തീര്‍ഥമൊഴുകുന്ന മനോഹര ശബ്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മനസ്സില്‍ അലൗകികമായ ശാന്തിയൊഴുകിയെത്തുമെന്നതാണ് സത്യം. കിലോമീറ്ററുകള്‍ നടന്നിവിടെയെത്തുന്ന യാത്രികന്‍ തീര്‍ഥത്തില്‍ മുങ്ങിയെത്തുമ്പോള്‍ ക്ഷീണം എങ്ങോ പോയ്മറഞ്ഞിട്ടുണ്ടാവും.

കാഴ്ചകളുടെ മായികലോകമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. സൂര്യാസ്തമയം കണ്‍മുന്നില്‍. ദൂരെ ഓളംതല്ലുന്ന ആഴിയിലേക്ക് സൂര്യന്‍ നിദ്രയിലെന്നപോലെ താഴുന്നു. ഇരുള്‍ പരക്കുന്നതിനു മുന്‍പേ ചന്ദ്രന്‍ പുഞ്ചിരിപൊഴിച്ചിരിക്കും. ഒപ്പം നക്ഷത്രങ്ങളും. ഇവ കൈയെത്തിപ്പിടിക്കാമെന്നു തോന്നുന്ന അത്ര അകലത്തില്‍... പേരറിയാത്ത എതോ രാപ്പക്ഷികളുടെ സംഗീതം രാത്രി മുഴുവന്‍ താരാട്ടാകും. രാവിന്റെ പ്രകാശഗോപുരത്തിനുനടുവില്‍ ദൂരെ താഴ്‌വാരത്ത് മറ്റൊരു പ്രകാശമണ്ഡലം കാണാം. കൃത്യമായി പറഞ്ഞാല്‍ 25 കിലോമീറ്റര്‍ അകലെ, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഇനി നിദ്രയാവാമെന്നാണ് വിചാരമെങ്കില്‍ കാഴ്ചകള്‍ ഇനിയും ബാക്കിയാവും!

വെള്ളത്തില്‍നിന്നും വലിയ ഞണ്ടുകള്‍ ചിലപ്പോള്‍ ഗുഹയിലേക്ക് കയറാം. കൈവശം ഭക്ഷണസാധനങ്ങളുണ്ടെങ്കില്‍ എലികളും. പക്ഷേ ഇവയൊന്നും ശല്യമാകുമെന്ന പേടി വേണ്ട. വന്നതുപോലെ തന്നെ ഇറങ്ങിക്കൊള്ളും. മുന്‍പ് ഒരു യാത്രയില്‍ സഹയാത്രികന്‍ ഞണ്ടിനെക്കുറിച്ച് പേടിപ്പെട്ടപ്പോള്‍ മാസങ്ങളോളം ഗുഹയില്‍ വന്നു താമസിക്കാറുള്ള മാധവിയമ്മ പറഞ്ഞത് ഓര്‍മിച്ചു, ''ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ വരുമ്പോള്‍ കടുവയും പാമ്പുമെല്ലാം കൂട്ടിനുണ്ടാവും. എല്ലാവരും ഒരുപോലെയാണിവിടെ. ഇന്നുവരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായ ചരിത്രമില്ലിവിടെ''. സ്വയം ദൈവമെന്ന് അവകാശപ്പെടുന്ന ചില മനുഷ്യദൈവങ്ങളെ ഓര്‍ത്താല്‍ ആ അമ്മയെ നമ്മള്‍ നമിച്ചുപോകും. ഇത്തരം ഒരു അവകാശവാദവുമില്ലാതെ ഭക്തിമാത്രമായി എങ്ങനെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടാമെന്ന് അത്ഭുതം കൂറിപ്പോകും. ഗുഹയില്‍ മാധവിയമ്മയുണ്ടെങ്കില്‍ പട്ടിണിയാവില്ലെന്ന് ഉറപ്പ്. സ്വന്തം അമ്മയുടെ സ്‌നേഹം അവിടെനിന്നും കിട്ടും. ഇങ്ങനെ കുറെ അസാധാരണരായ മനുഷ്യരുടെ സാമീപ്യവും തികച്ചും വ്യത്യസ്തമായ അനുഭവമാണ്.

പുലര്‍ച്ചെ തീര്‍ഥത്തില്‍ കുളിയും കഴിഞ്ഞ് നേരേ ശങ്കരപീഠത്തിലേക്ക്. ആറുമണിയോടെ ശങ്കരപീഠത്തിലെത്തിയാല്‍ മഞ്ഞുമാറിയിട്ടുണ്ടാവില്ല. കുടജാദ്രിയില്‍ ആദ്യം പ്രകാശം വീഴുന്നത് അടിവാരത്താണ്. അരമണിക്കൂറോളം കാത്തിരുന്നാല്‍ മഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യോദയം ദൃശൃമാകും. സന്യാസിമാരുണ്ടെങ്കില്‍ ഉദയസമയത്ത് ദീപം കത്തിച്ച് ആരാധനയുണ്ടാകും. ചിലര്‍ നിലത്തുവീണു നമസ്‌കരിക്കും. പ്രപഞ്ചാരാധനയുടെ പ്രത്യക്ഷോദാഹരണം........
ഇനി നേരേ കുടജാദ്രി ഇറങ്ങിത്തുടങ്ങാം. താഴെ അഗസ്ത്യതീര്‍ഥത്തിലും അഗ്നിതീര്‍ഥത്തിലും അല്‍പസമയം ചെലവിടാം. എത്രയോ കാലടികള്‍ പതിഞ്ഞ മണ്ണാണ്. ആദിശങ്കരന്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്തത്ര മഹത്തുക്കള്‍ ഈ മലനിരകളുടെ പുണ്യം നുകര്‍ന്നവരാണ്. അറിയാത്ത ഒരു വേദന കൂട്ടായെത്തും ഈ മടക്കയാത്രയില്‍. തിരിച്ചിറങ്ങാന്‍ മനസ്സുമടിക്കും. മനസ്സില്ലാമനസോടെ മലയിറങ്ങുമ്പോള്‍ അറിയാതെ സ്വയംചോദിച്ചുപോകും, ''എന്നാണ് വീണ്ടും ഇവിടേയ്‌ക്കൊരു യാത്ര?''








Saturday, June 11, 2011

മൊബൈലില്‍ വഴിതെറ്റുന്ന ജീവിതങ്ങള്‍; എരിഞ്ഞടങ്ങുന്ന കുടുംബ ബന്ധങ്ങളും



ഒരു മൊബൈല്‍മതി ഇപ്പോഴത്തെ തലമുറയ്ക്ക്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അടുത്തുണ്ടാവണം. അമ്മയും അച്ഛനും പോലും രണ്ടാമത്. ആണ്‍-പെണ്‍ ഭേദമില്ലാതെ മൊബൈലില്‍ കുത്തികൊണ്ട് നടക്കുന്ന യൗവനം ഇന്നൊരു പുതുമയുള്ള വഴിയോരക്കാഴ്ച
ല്ല. മൊബൈലും സൈബര്‍ സെക്‌സും വഴിതെറ്റിച്ച കുറെ ജീവിതകണക്കുകള്‍ കുറിച്ചിടുന്നു ഇവിടെ........

കുടുംബങ്ങളെ ശിഥിലമാക്കി വഴിതെറ്റുന്ന ബന്ധങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് പള്ളിപ്പാട് നടുവട്ടം പുളിമൂട്ടില്‍ ഷീബയുടെ കൊലപാതകം. ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണ് ഇവരുടെ വിവാഹം വരെ എത്തിയത്. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനകം എബി വിദേശത്തേക്കും ഷീബ ബംഗളൂരുവിലേക്കും പോയി. നഴ്‌സിംഗ് പി.ജി പഠനത്തിനിടെ ബിരുദ നഴ്‌സിംഗ് വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്ന ഷീബയോട് ഡിഗ്രി വിദ്യാര്‍ഥിയ്ക്ക് എപ്പഴോ പ്രണയം മൊട്ടിടുകയും ചെയ്തു. രാത്രിയേറെ വൈകിയും അധ്യാപികയും വിദ്യാര്‍ഥിയും മൊബൈല്‍ ഫോണിലൂടെ 'പ്രണയം' കൈമാറി.
ഭര്‍ത്താവ് നാട്ടിലെത്തിയതിന് ശേഷം ബംഗളൂരുവില്‍ നിന്നും എത്തിയ ഷീബയുടെ മൊബൈലില്‍ ഭര്‍ത്താവ് എബി വിദ്യാര്‍ഥിയുടെ സന്ദേശങ്ങള്‍ കണ്ടതോടെ ഇവരുടെ ഇടയില്‍ അസ്വസ്ഥതകള്‍ തലപൊക്കി.
വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള ബന്ധമാണ് ഷീബയുടെ കൊലപാതകത്തില്‍ കലാശിച്ചതെങ്കില്‍ സമാനസ്വഭാവമുള്ള സംഭവം മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ നടന്നിരുന്നു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ താല്‍ക്കാലിക അധ്യാപിക വിദ്യയും വിദ്യാര്‍ഥിയായ ചെറിയനാട് മേപ്പാട്ടേത്ത് അജിത്.പി. ഗോപാലും തമ്മില്‍ ഉണ്ടായ പ്രണയം അജിത്തിന്റെ മരണത്തിലാണ് കലാശിച്ചത്.
കഴിഞ്ഞ വര്‍ഷം ചേപ്പാട്ട് മുട്ടത്ത് വാടകവീട്ടില്‍ ദമ്പതികളായ സ്വീറ്റിയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചതിന് പിന്നിലും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമായിരുന്നു. ട്രെയിന്‍ യാത്രക്കിടെ പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഇന്ദുവിന്റെ മരണത്തിന് പിന്നിലും അധ്യാപകനോടുള്ള പ്രണയം കാരണമായിരുന്നു.

ഇനി തീരുമാനിക്കുക......നിങ്ങള്‍ക്കും ഇതില്‍ ഒരാളാവണോ???...............

Wednesday, May 25, 2011

ഞാന്‍ ഏകാന്തതയെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു




നിരന്തരം പരീക്ഷണങ്ങളിലൂടെയും ഒറ്റപ്പെടലിലൂടെയും മുന്നോട്ടു പോകുന്ന ജീവിതം...... പലപ്പോഴും ജീവിതം അങ്ങനെയാണ്.....നാമറിയാതെ നമ്മെ ഒറ്റപ്പെടുത്തും. ഇപ്പോള്‍ തികച്ചും ഏകാന്ത ജീവിതം.

പനി പിടിച്ചുകിടന്ന പകലുകള്‍.... സത്യത്തില്‍ ഏകാന്തതയെ ഞാനിഷ്ടപ്പെടുന്നുവെന്ന് എന്നെ ഓര്‍മ്മിപ്പിക്കുകയാണ്. പക്ഷേ കൂടുതല്‍ ഏകാന്തതയിലേക്ക് തെന്നി വീഴുമ്പോഴേയ്ക്കും അതില്‍ തെന്നിവീഴാതെ പിന്‍മാറാറുമുണ്ട്. പക്ഷേ എന്തോ ഇൗ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.  ഞാന്‍ ശല്യമാകുന്നുവെന്ന തിരിച്ചറിവ് പലപ്പോഴും എനിക്ക് ഉണ്ടാകുന്നത് അടുപ്പമുണ്ടെന്നു വിശ്വസിക്കുന്നവര്‍ അകലാന്‍ ശ്രമിക്കുമ്പോഴാണ്. അല്ലെങ്കില്‍ ഒരു ഫോണ്‍ വിളിയുടെ അകലത്തില്‍ പിന്നീടു വിളിക്കാമെന്ന പിന്‍വാങ്ങല്‍. അപ്പോഴും അതും ആത്മാര്‍ഥതയാണെന്നു ഞാന്‍ വെറുതെ മനസിനെ വിശ്വസിപ്പിക്കും.

അക്ഷരങ്ങള്‍ തീര്‍്ത്തു തരുന്ന തണല്‍ പൊതിഞ്ഞുനില്‍ക്കുമ്പോള്‍ ഏകാന്തത ജീവിതത്തിലുണ്ടാകുന്നില്ല. എങ്കിലും പെട്ടെന്ന് ഒരാള്‍ അകന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഹൃദയവേദന പറഞ്ഞറിയിക്കാനാവില്ല. പലപ്പോഴും വേദനയുടെ ഒറ്റപ്പെടലിന്‍െ്‌റയും കാര്യത്തില്‍ ഞാനൊരു അനാര്‍ക്കിസ്റ്റാണ്.

ആരെയും ആത്മാര്‍ഥതയോടെ മാത്രമേ സ്‌നേഹിക്കാവൂ എന്ന വിശ്വാസം തെറ്റാണെന്ന് പലപ്പോഴും തോന്നും. ആ നിമിഷം മനസ്സു തിരുത്തും. ചിലപ്പോള്‍ ജീവിതത്തില്‍ സ്‌നേഹം കിട്ടാത്തവന്‍െറ കുമ്പസാരമായിട്ടാണ് എനിക്കത് അനുഭവപ്പെടുക...........

'' അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍നിന്ന് എനിക്കേതു
സ്വര്‍ഗം വിളിച്ചാലും''
സ്‌നേഹമേ നിന്നോടുള്ള പ്രാര്‍ഥന ഇത്രമാത്രം..........................................

Saturday, February 19, 2011

മൗനമാണ് എന്റെ പ്രണയം



''പ്രണയം ഒരു ആല്‍മരം പോലെയാണ്
ഏറുംതോറും പൊട്ടിമുളയ്ക്കും
വേരുകള്‍ ഉറയ്ക്കും.....വികാരങ്ങള്‍
ഉണരുന്ന കനികള്‍ ഉതിരും
കനികളില്‍ വീണ്ടും ആല്‍മരങ്ങള്‍ ജനിക്കും
പ്രണയത്തിലുണരുന്ന വികാരവിചാരങ്ങള്‍ക്ക്
അര്‍ഥതലങ്ങള്‍ തേടുന്നവര്‍
എത്തിച്ചേരുന്നത് അനിര്‍വചനീയമായ
സ്‌നേഹത്തിന്റെ നേര്‍രേഖയിലാണ്''
പ്രണയത്തിന്റെ അനര്‍ഘനിമിഷങ്ങളെക്കുറിച്ച് വ്യത്യസ്തഭാവങ്ങളെക്കുറിച്ച്  പ്രശസ്തസംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ സംസാരിക്കുന്നു.

             എന്റെ പ്രണയം മൗനമാണ്. സംസാരത്തിനപ്പുറം നമ്മള്‍ ഒന്നാണെന്ന് മനസ്സ് കൈമാറുന്ന സന്ദേശം. നിന്നെ എനിക്ക് ഇഷ്ടമാവുന്നുവെന്ന തിരിച്ചറിയല്‍. പരസ്പരം പറഞ്ഞറിയിക്കാതെ പ്രണയത്തിന്റെ മാധുര്യം നുകരുമ്പോഴാണ് അതിന്റെ വ്യാപ്തിയും ഗാഢതയും വ്യക്തമാവുന്നത്. മൗനത്തിന്റെ പ്രണയതീവ്രതയെ അടുത്തറിഞ്ഞവരാണ് ഞാനും പ്രിയയും. തിരുവനന്തപുരത്തെ സി.ബി.എസ് (സി.ബി. ശ്രീനിവാസന്‍) ക്വയറില്‍ പാടിയിരുന്ന കാലത്താണ് ഞാനും പ്രിയയും കണ്ടുമുട്ടുന്നത്. പ്രിയയും ക്വയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഗീതമാണ് ഞങ്ങളുടെ പ്രണയത്തെയും ബന്ധിപ്പിച്ചത്. സംഗീതത്തോടുള്ള പ്രണയംപോലെ പ്രിയയോടുള്ള എന്റെ പ്രണയവും ഏറുകയായിരുന്നു.  ഞങ്ങള്‍ മണിക്കൂറുകള്‍ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ പറയാതെ എല്ലാം പറഞ്ഞു ഞങ്ങള്‍. അധികകാലം പ്രേമിച്ചു നടന്നുവെന്ന് പറയാന്‍ കഴിയില്ല. പ്രണയത്തിന്റെ പരപ്പ്, അത് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത്. ഒടുവില്‍ പരസ്പരം പിരിയാനാവില്ലെന്നു മനസ്സിലാക്കിയ വേളയില്‍ വീട്ടില്‍ പറഞ്ഞു. ഇരുവീട്ടുകാര്‍ക്കും സമ്മതം. വിവാഹത്തിനുശേഷം പ്രണയം ഏറുകയായിരുന്നു. അതെന്റെ പ്രചോദനമായി, ഹൃദയതന്ത്രികളെ മീട്ടിയുണര്‍ത്തുന്ന സംഗീതസ്വരമായി..................

സംഗീതവും പ്രണയവും
--------------------

പതിനഞ്ചു വര്‍ഷമായി പ്രിയ എന്റെ ജീവിതത്തിലേക്കു വന്നിട്ട്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും കൈവന്നത് അതിനുശേഷമാണ്. അവള്‍ക്ക് എല്ലാ അര്‍ഥത്തിലും എന്നെ മനസ്സിലാകും. ഉപാധികളി്ല്ലാത്ത സ്‌നേഹമാണ് അവള്‍ എനിക്കു തരുന്നത്.
1995ലാണ് ഞാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച സിനിമയായ 'ചന്ത' പുറത്തിറങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ എന്റെ എല്ലാഗാനങ്ങളും ആദ്യംകേള്‍ക്കുന്നത് പ്രിയയാണ്. എത്ര അകലെയാണെങ്കിലും ഫോണിലൂടെ അവളെ ഞാന്‍ പാടിക്കേള്‍പ്പിക്കും. പ്രിയ എം.എ. മ്യൂസിക്കാണ്. അതുകൊണ്ട് സ്വരസ്ഥാനങ്ങളെക്കുറിച്ച് നല്ലബോധമുണ്ട്. കേള്‍ക്കുമ്പോഴേ പറയും, ഓരോ ഗാനത്തിലെ തെറ്റും ശരിയും. ഇതെനിക്കുതരുന്ന ആത്മവിശ്വാസം ചെറുതല്ല. ശിക്കാറിലെ 'എന്തെടീ എന്തെടീ.....പനങ്കിളിയേ..... എന്ന ഗാനം കമ്പോസ് ചെയ്തത് ദുബായിലായിരുന്നു. അവിടെനിന്നും ഫോണില്‍ക്കൂടിയാണ്  ആ ഗാനം പ്രിയ കേട്ടത്.

മനസ്സില്‍ നിറയെ പ്രണയമുണ്ടെങ്കിലേ നല്ല പ്രണയഗാനങ്ങളുണ്ടാവൂ. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രിയയെ ഓര്‍മിച്ചാണോ ചെയ്യാറെന്ന്?
വ്യത്യസ്ത തലങ്ങളിലുള്ള മാനസികമായ പ്രണയാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് ഗാനങ്ങളിലൂടെ പുറത്തുവരുന്നത്. ഒരു പൂവിന്റെ സൗന്ദര്യം ആസ്വദിക്കുന്നതുപോലെയാണത്. വ്യക്തികള്‍ മാറുന്നത് അനുസരിച്ച് വ്യത്യസ്ത തലങ്ങള്‍ ഉണ്ടാവും അതിന്.  ചിലപ്പോള്‍ യാത്രക്കിടയില്‍ കണ്ടുമുട്ടിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയാവും, അവള്‍ അപരിചിതയാണ്. എങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന രൂപം. പിന്നീട് ഏതെങ്കിലും ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ആ രൂപം വീണ്ടും മനസ്സിലേക്കു വരാം. അത് പ്രണയത്തിന്റെ വേറെയൊരു അനുഭവമാണ്. പ്രണയത്തെ നിലാവായി, മഴയായി, വേനലായി, പ്രകൃതിയുടെ സൗന്ദര്യമായൊക്കെ ആവിഷ്‌കരിക്കുന്നതുപോലെ.

ആദ്യാനുരാഗമായിരുന്നില്ല പ്രിയയുമായുള്ളത്. ഒരു വിരഹത്തിനൊടുവിലാണ് പ്രിയയെ കണ്ടുമുട്ടുന്നതും എന്റെ ജീവിതപങ്കാളി ഇവളാണെന്ന് തിരിച്ചറിയുന്നതും. അതുകൊണ്ട് ആ പ്രണയവിരഹത്തെ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യമായാണ് ഞാന്‍ കാണുന്നത്. ഇല്ലെങ്കില്‍ പ്രിയയെന്റെ ജീവിതത്തില്‍ ഉണ്ടാവില്ലായിരുന്നു. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ' എന്ന ഗാനം പ്രിയപ്പെട്ട പ്രണയഗാനമാകുന്നതും ഈ പ്രണയംമൂലമാണ്.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീകുമാരന്‍ തമ്പിസാറിന്റെ ഗാനമാണ് 'എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ?'. വല്ലാതെ പ്രണയം നിറച്ചുവച്ചിരിക്കുകയാണ് ആ ഗാനത്തില്‍. ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സാറിനോടു ചോദിച്ചു ''എവിടെയാണ് ഈ പ്രണയം ഒളിപ്പിച്ചുവച്ചിരിക്കുന്നത്?''. അപ്പോള്‍ സാര്‍ ചിരിച്ചു. മൗനമായ പ്രണയത്തിന്റെ മറ്റൊരുമുഖം!.

ഒരു പ്രണയത്തിലും നമ്മള്‍ സംതൃപ്തരാവുന്നില്ല. പുതിയൊരു അനുഭവത്തിനുവേണ്ടി വീണ്ടും തേടിനടക്കും. ഓ സൈനബ എന്ന ഗാനം പോലെയല്ല കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലായെന്ന ഗാനം. അതുപോലെയല്ല കോലക്കുഴല്‍ വിളികേട്ടോ?. ഓരോന്നും വ്യത്യസ്തമാവുന്നത് അനുഭവങ്ങളുടെ വ്യത്യസ്തതകൊണ്ടാണ്.

എന്നാല്‍ ഭാര്യയോടുള്ള പ്രണയം അങ്ങനെയല്ല. അതു നറുനെയ്യ് പോലെയാണ്. ജീവിതത്തിലെ ചവര്‍പ്പും മധുരവും വേര്‍തിരിച്ചറിയുമ്പോള്‍ പ്രണയമെത്തുന്നത് നിത്യഹരിതമായ സ്‌നേഹത്തിലാണ്. എല്ലാറ്റിനുമുപരിയായ അനശ്വരമായ പ്രണയാനുഭവം.

ജീവിതത്തെ പ്രണയിച്ച അമ്മ
------------------------

ജീവിതം സുന്ദരമാണെന്നു പറഞ്ഞുകൊണ്ട് പാറിനടക്കുന്ന ഒരു ചിത്രശലഭത്തെപ്പോലെയായിരുന്നു എന്റെ അമ്മ. എന്നെ സംബന്ധിച്ച് അമ്മ നിറവാണ്. അതിനുമപ്പുറമാണ്. ജീവിതത്തെ ഒരുപാടു സ്‌നേഹിച്ചു എന്റെ അമ്മ. ഒത്തിരിക്കാലം ജീവിക്കണമെന്ന് ആഗ്രഹിച്ചു. എന്റെ കുട്ടികളുടെ കാര്യംനോക്കി കൂടെനില്‍ക്കണമെന്ന് ആഗ്രഹിച്ചു.

 കാന്‍സര്‍ ബാധിച്ച് അഞ്ചുവര്‍ഷത്തോളം ചികിത്സയിലിരുന്നപ്പോഴും രോഗത്തെ വെല്ലുവിളിച്ച് ജീവിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചത് ജീവിതത്തോടുള്ള പ്രണയമായിരുന്നു. അന്ന് അമ്മയുടെ എല്ലാക്കാര്യങ്ങള്‍ക്കുമൊപ്പം നിന്നത് പ്രിയയായിരുന്നു. മാനസികമായി തളര്‍ന്നുപോയ എന്നെ താങ്ങിനിര്‍ത്തിയതും പ്രിയയായിരുന്നു.  മാനസികമായി തളര്‍ന്നുപോയ എന്നെ താങ്ങിനിര്‍ത്തിയതും പ്രിയയായിരുന്നു. ഒരുപക്ഷേ എന്നെക്കാള്‍ കൂടുതല്‍ പ്രിയയെ അമ്മ സ്‌നേഹിച്ചിട്ടുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.

മകനെന്ന രീതിയില്‍ ഒരുപാടു കാര്യങ്ങള്‍ അമ്മ എന്നെ പഠിപ്പിച്ചു. നിബന്ധനകളില്ലാതെ, ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് അമ്മയാണ്.

പുതുതലമുറയുടെ പ്രണയം
------------------------
പുതിയ തലമുറ മോശമാണെന്നു പറയുന്നില്ല. പക്ഷേ പൊള്ളയായ പ്രണയത്തിന്റെ കാലഘട്ടമാണിത്. മനസ്സിന്റെ നിറഞ്ഞ സ്‌നേഹം നഷ്ടപ്പെട്ടിരിക്കുന്നു. സുഹൃദ്ബന്ധങ്ങളില്‍പോലും ഉപാധികളില്ലാത്ത സ്‌നേഹം ഇല്ലാതായിരിക്കുന്നു. ഭാര്യ-ഭര്‍തൃബന്ധത്തില്‍പോലും ശാരീരികാവശ്യങ്ങള്‍ക്കും നിലനില്‍പ്പിനും മാത്രമായി സ്‌നേഹം ഒതുങ്ങി.

പൊള്ളയായ സിലിണ്ടര്‍പോലെയാണ് ഇപ്പോഴത്തെ പ്രണയം. അകമേ ഒന്നുമില്ലാതെ, പറയാന്‍വേണ്ടിയൊരു പ്രണയം. ലോകമാകെ ഒരു വാര്‍ത്തയാകാനുള്ള പ്രണയം. പ്രണയത്തിന്റെ തീക്ഷ്ണത ഇല്ലാതായിരിക്കുന്നു.

പ്രണയത്തിന്റെ സത്യസന്ധതയ്ക്ക് നൂറുമാര്‍ക്ക് നല്‍കാം. പക്ഷേ ആര്‍ക്ക്?. പ്രണയചിന്തകള്‍ മാറിവരുമ്പോഴും വ്യത്യസ്തമായ ഒരു ഗാനത്തിനായി ഹൃദയതംബുരുവില്‍ പ്രണയരാഗം മീട്ടുന്നു ഞാന്‍.



Saturday, January 8, 2011

ഓര്‍മകളും ഞാനും മത്സരത്തിലാണ്...........




ഒരു മഴ വന്നുപോയി. ഡിസംബറില്‍ പതിവില്ലാതെ കുലംകുത്തി പെയ്യുന്ന മഴ. മഞ്ഞുവീഴുന്ന തണുപ്പിലും ഹൃദയം അസ്വസഥതയോടെ മിടിക്കുന്നു. പുതുമണ്ണിന്‍െ്‌റ ഗന്ധം. കിടക്കയുടെ ചൂടില്‍ മടിപിടിച്ചിരുന്ന് ജനാലകള്‍ തുറന്നിട്ട് ആ മണം ആസ്വദിക്കാന്‍ എനിക്കിഷ്ടമാണ്.ചിലപ്പോഴൊക്കെ ഭൂമിയുടെ തണുപ്പിലും..... ഇന്നലെകളില്‍ എന്നോ എന്നില്‍ വന്നുചേര്‍ന്ന ഒരു സ്്‌നേഹസ്പര്‍ശം എന്നു വിശ്വസിക്കാനി്ഷ്്ടപ്പെടുന്ന പനിനീര്‍ദളം. ഇനി ഒരുപക്ഷേ ആ സൗഹൃദത്തിന്‍െ്‌റ നല്ലനാളുകള്‍ തിരിച്ചുവരില്ലായിരിക്കാം. എങ്കിലും ആ ഓര്‍മകള്‍ എന്നും എന്നിലുണ്ടാകും.


എന്തിനാണ് അവള്‍ എനിക്ക് അങ്ങനെ മെസേജ് ചെയ്തത്. ആ ഒരു നിമിഷം ഞാന്‍ നിര്‍മിച്ചുകൂട്ടിയ സൗഹൃദത്തിന്‍െ്‌റ കൊട്ടാരം എന്‍െ്‌റയുള്ളില്‍ തകര്‍ന്നു വീഴുന്നത് ഞാനറിഞ്ഞു. ഞാന്‍ എന്നെതന്നെ മറന്ന നിമിഷമായിരുന്നു അത്. നാളുകള്‍ക്കുശേഷം ദേഷ്യത്തോടെ എന്‍െ്‌റ ദേഹം വിറയ്ക്കാന്‍ തുടങ്ങുന്നതും ഞാനറിഞ്ഞു. ഫോണെടുത്തു വിളിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ചിന്തയുടെ ഒരു കണം എന്നിലേക്കു തിരിച്ചെത്തിയിരുന്നു. ലോകത്തു ഇന്നു വരെ കേള്‍ക്കാത്ത ചീത്ത ഞാന്‍ പറഞ്ഞുപോയേനെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍???.........

അവള്‍ എന്നെക്കുറിച്ച് എന്താണ് കരുതിയിരുന്നത്? ഒരു സ്ത്രീലമ്പടനായോ? അതോ അവളുടെ പിറകെ നടക്കുന്ന തേര്‍ഡ്‌റേറ്റ് കാമുകന്‍െ്‌റ റോളിലോ? ഇതിലേതായാലും ഈ വേഷങ്ങള്‍ ഒന്നുംതന്നെ എനിക്കുചേരില്ലെന്ന് അഹങ്കാരത്തോടെ പറയാനുള്ള കരുത്ത് എനിക്കുണ്ട്. ദിവസങ്ങള്‍ക്കുശേഷം ഇതിനു മറുപടി പറയണമെന്നു ഞാന്‍ കരുതിയതാണ്. പക്ഷേ ഇപ്പോള്‍ ഉള്ളിലെവിടെയോ ആ ദേഷ്യത്തിനു ഒരു വേദനയുണ്ട്. അതെന്നെ നിയന്ത്രിക്കാനാവാത്തവിധം വീണ്ടും ആളിക്കത്തിക്കുമെന്നുള്ള ഭയം വല്ലാതെ അലട്ടുന്നു.

കഴിഞ്ഞ ഞായറാഴ്ച എന്നെ അവള്‍ വിളിച്ചു. 'എനിക്ക് അഹങ്കാരമാണെന്നു പറയാന്‍'!!!. വാക്കുകള്‍ സംഗ്രഹിച്ചാല്‍ പറഞ്ഞത് ഇതാണ്, മനുഷ്യന്‍ യാത്ര ചെയ്തതു കൊണ്ടോ, കുറേ വായിച്ചതുകൊണ്ടോ വലിയ ആളാവില്ല!! ഹൃദയവിശാലത വേണം, അത് അവള്‍ക്കുണ്ട്!!!

ശരിയാവാം. നമ്മള്‍ സ്വന്തം ചിന്തകള്‍ ശരിയെന്നു വിശ്വസിക്കുന്നവരാണല്ലോ? പക്ഷേ ഇന്നു വരെ ഞാന്‍ സൗഹൃദങ്ങളെ വേറെ രീതിയില്‍ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നു എന്തേ അവള്‍ മനസ്സിലാക്കാതെ പോയത്. അവള്‍ സ്ഥിരമായി പരിചയിച്ചിട്ടുള്ള ആണ്‍സുഹൃത്തുക്കളില്‍ ഒരാളായി മാത്രമാവാം എന്നെ പരിഗണിച്ചിട്ടുണ്ടാവുക. എന്നെ പൂര്‍ണമായി മനസ്സിലാക്കിയ ഒരാളെന്ന നിലയില്‍ അവളോടു സംസാരിച്ചിരുന്നതാവാം എന്‍െ്‌റ തെറ്റ്. അതുകൊണ്ട് തന്നെ എല്ലാം ഞാന്‍ തുറന്നുപറഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ നമ്മളോട് അടുപ്പുമുള്ളവരോടു എല്ലാം തുറന്നുപറയണം. കുറച്ചുപേര്‍ക്കെങ്കിലും നമ്മളുടെ ജീവിതത്തോട് അതിലൂടെ അടുത്തുനില്‍ക്കാനാവും. ആ സൗഹൃദങ്ങള്‍ എതവസ്ഥയിലും കൂട്ടിനുണ്ടാവും എന്നത് ഹൃദയത്തില്‍ തൊട്ടു പറയാനാവും.

ഒരിക്കലും രണ്ടുമുഖമായി ജീവിക്കാനാവില്ലല്ലോ? എങ്കിലും വിശ്വസിച്ചിരുന്ന സമവാക്യങ്ങള്‍ എപ്പോഴെങ്കിലും തെറ്റുമ്പോള്‍ ഒരു വേദന. പക്ഷേ സമാധാനമുണ്ട്. ഇൗ വേദന ഞാന്‍ അനുഭവിച്ചാല്‍ മതിയല്ലോ.

ഇവിടെ തനിച്ചുനില്‍ക്കുമ്പോള്‍ ഇങ്ങനെ കുറെ ഓര്‍മ്മകള്‍ എന്നെ പിന്തുടരും. ഞാനും ഓര്‍മ്മകളും അല്ലെങ്കില്‍തന്നെ എന്നും മത്സരത്തിലാണ്. ഞാന്‍ പതുക്കെ നടക്കട്ടെ..................