Search This Blog

Tuesday, February 18, 2014

അമൃതാനന്ദമയിയുടെ കെട്ടിപ്പിടിക്കലിന്റെ രാഷ്ട്രീയം

സുകുമാർ അഴീക്കോടിന്റെ അമൃതാനന്ദമയിയെക്കുറിച്ച് ശ്രദ്ധേയമായൊരു നിരീക്ഷണമുണ്ട്- "വിദേശത്തുനിന്നും ഇന്ത്യയിലെത്തി ഇവിടത്തെ അനാഥരെയും പാവപ്പെട്ടവരെയും രോഗികളെയും ആലിംഗനം ചെയ്‌ത മദര്‍ തെരേസയില്‍ നിന്നാണ്‌ അമൃതാനന്ദമയി പാഠം പഠിക്കേണ്ടത്‌. അവര്‍ ആലിംഗനം ചെയ്യുന്നത്‌ സമ്പന്നരെയാണ്‌. അമൃതാനന്ദമയിയെ  വിമര്‍ശിച്ചതിനെതിരെ അവരുടെ ശിഷ്യര്‍ എഴുതിയ കത്തുകളിലെ ഭാഷതന്നെ യഥാര്‍ത്ഥമുഖം വെളിവാക്കുന്നു." യഥാർഥത്തിൽ അമ്മയെന്ന് ലോകത്തിനു മുന്നിൽ ലേബൽ ചെയ്ത് നടക്കുന്ന സുധാമണിയെന്ന മാതാ അമൃതാനന്ദമയിക്ക് ഇതിൽപ്പരം എന്തു മേന്മയാണുള്ളത്? ഒരു കുഷ്ഠരോഗിയെയോ ഭിക്ഷുവിനെയോ ആലിംഗനം ചെയ്യുന്ന അമൃതാനന്ദമയിയെ എവിടെങ്കിലും നമ്മൾ കണ്ടിട്ടുണ്ടോ? എസിയില്ലാതെ ദർശനം നൽകുവാൻ ഇവർക്ക് സാധിക്കുമോ?

ഈ കപട ആത്മീയത എന്നെങ്കിലും തകർന്നു വീഴും, അല്ലെങ്കിൽ വീണുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ സഹായിയായി പ്രവര്‍ത്തിച്ച ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ 'ഹോളി ഹെല്‍, എ മെമ്മയർ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആൻഡ് പുവര്‍ മാഡ്‌നസ്' എന്ന പുസ്തകം. ആശ്രമത്തിൽ ബലാത്സംഗങ്ങളും അവിഹിത ബന്ധങ്ങളും ഏറെയാണെന്ന് പറഞ്ഞു വയ്ക്കുന്നു ഗെയ്‌ൽ. കൂടാതെ ദശലക്ഷ കണക്കിന് വരുന്ന സ്വിസ് ബാങ്ക് നിക്ഷേപങ്ങളുടെ കഥകളും. ഇവയെല്ലാം സത്യമാണെങ്കിലും അല്ലെങ്കിലും ഈ കഥകളിൽ അമ്മയും അനുചരവൃന്ദങ്ങളും അസ്വസ്ഥരാണ് എന്നത് വാസ്തവമാണ്. യഥാർഥ സന്യാസപാരമ്പര്യം പിന്തുടരുന്നവരാണെങ്കിൽ എന്തിന് മണിമാളികളിലും എസി മുറികളിലും അന്തിയുറങ്ങണം ഈ സന്യാസികൾ. സാമൂഹിക സേവനത്തിനായി ഇവർ ധൈര്യമുണ്ടെങ്കിൽ തെരുവോരത്ത് ഇറങ്ങട്ടെ. സുനാമി ബാധിതർക്ക് വീടുകൾക്ക് വെച്ചു കൊടുത്തതും കേന്ദ്രസർക്കാർ നൽകിയതിൽ കൂടുതൽ ഫണ്ട് നൽകുന്നതുമൊക്കെ വലിയ കാര്യമായി അവതരിപ്പിക്കുമ്പോൾ തന്നെ ചില മറുചോദ്യങ്ങൾ ഉയരുന്നുണ്ട്. ഏവിടെ നിന്നാണ് ഈ പണം? ഇതിന്റെ കണക്കുകൾ ഇനിയും നികുതി വകുപ്പിനെ അറിയിക്കാൻ അമൃതാനന്ദമയി മഠം മടിക്കുന്നതെന്തു കൊണ്ടാണ്?

ഇനി കെട്ടിപ്പിടിക്കൽ കൊണ്ട് നിരാലംബർക്ക് ആശ്വാസം ലഭിക്കുന്നുണ്ടെന്ന 'ശാസ്ത്രീയ പഠനം' ചില ശിഷ്യന്മാർ പറയുന്നതു കേൾക്കാം. തട്ടിപ്പിൽ വീഴുന്നവരിൽ ഏറെയും പാവപ്പെട്ടവരാണ് ഭായ്. പണമുള്ളവർക്ക് മുൻഗണനയുണ്ട് ഈ ആൾദൈവാശ്രമത്തിൽ. പക്ഷേ ഉള്ളതുകൊടുത്ത് മഠത്തിൽ ചേർന്ന് സ്വത്തുക്കൾ എല്ലാ അമ്മയുടെ കാൽക്കൽ സമർപ്പിച്ച എത്രയോ പാവങ്ങൾ തിരികെപോവാൻ കഴിയാതെ സങ്കടങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ടെന്നതും വാസ്തവമാണ്. ഇതിനിടെ ഹിന്ദുത്വത്തിന്റെ മറവ് പിടിച്ച് ആർഎസ്എസിന്റെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. ഒരു കൂട്ടം ഹിന്ദുക്കളെ ഒരുമിച്ച് കിട്ടിയ സന്തോഷത്തിൽ ആർഎസ്എസും അമ്മയുടെ ദിവ്യത്വം അംഗീകരിച്ച് കോൾമയിർ കൊള്ളുന്നു.


'ആ സിന്‌ധു സിന്‌ധു പര്യന്താ യസ്യ ഭാരതഭൂമികാ
പിതൃഭുഃ പുണ്യഭൂശ്ചൈവ സവൈ ഹിന്ദുരിസ്‌മൃത: (സിന്ധു നദീതടത്തിൽ ജീവിക്കുന്നവനും ഈ ഭാരതത്തെ പിതൃഭൂമിയും പുണ്യഭൂമിയുമായി കാണുന്നവൻ ആരാണോ അവനാണ് ഹിന്ദു) എന്നാണ് നിർവചനം. അതായത് ഭാരതം ഹിന്ദുരാഷ്‌ട്രമാണ്‌ എന്നതിന്‌ അര്‍ത്ഥം മതരാഷ്‌ട്രമാണ്‌ എന്നല്ല. ധര്‍മ്മരാഷ്‌ട്രമാണ്‌ എന്നാണ്‌. വൈദികധര്‍മ്മം, സനാതനധര്‍മ്മം എന്നിവയെ പര്യായമായി പില്‍ക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടതാണ്‌ ഹിന്ദുധര്‍മ്മം എന്ന പദം. അത്‌ മതത്തിന്റെ പേരല്ല. അതുകൊണ്ട് ഹിന്ദുക്കൾ ഒരു മതവിഭാഗമാണെന്ന് വിശ്വസിക്കുന്നവർ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കാതിരിക്കുക. അത് മതമേത് തന്നെ ആയാലും. പണവും വോട്ടും മതവും കൊണ്ട് വ്യഭിചരിക്കുന്നവർ ഒരു രാഷ്ടത്തിനും മുതൽക്കൂട്ടല്ല, മറിച്ച് തുടച്ചുമായ്ക്കപ്പെടേണ്ട ഒരു വിഭാഗമാണ്. ഈ യാഥാർഥ്യങ്ങളെ മറക്കാതിരിക്കുക.





No comments: