Search This Blog

Wednesday, December 8, 2010

അമ്മ പറഞ്ഞ കഥ

ഇത് പണ്ട് ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അമ്മ പറഞ്ഞുതന്നയൊരു കാര്യമാണ്. അമ്മമാര്‍ എപ്പോഴും അങ്ങനെയാണ്. കഥ പോലെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. അതില്‍ കുറെക്കാര്യങ്ങളുണ്ടാവാം. പക്ഷേ നമ്മള്‍ അതു മനസ്സിലാക്കിയെടുക്കാറില്ല. മനസ്സിലാക്കിയെടുക്കുന്ന ചിലതാവട്ടെ ഒരു കഥ പോലെയങ്ങനെ മനസ്സില്‍ക്കിടക്കും.

ഒരു കുടുംബസുഹൃത്തിന്‍െ്‌റ വീടാണ് രംഗം. മറ്റേതൊരു കുട്ടിയെയുംപോലെ ആ വീട്ടിലെ എന്‍െ്‌റ കൂട്ടുകാരനുമായും ചെന്നപ്പോള്‍ മുതല്‍ തിമിര്‍ക്കാന്‍ തുടങ്ങി. എന്‍െ്‌റ കുസൃതികള്‍ അസഹനീയമായിട്ടാണോ എന്തോ എന്‍െ്‌റ കളിക്കുട്ടുകാരനോടു തുള്ളിച്ചാടി നടക്കാതെടായെന്ന് അവന്‍െ്‌റ അച്ഛന്‍ ഉപദേശം. അവന്‍ കളി നിര്‍ത്തിയിട്ടും ഞാന്‍ എന്‍െ്‌റ 'ദ്രോഹം' തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം അതു നിര്‍ത്തിക്കിട്ടാന്‍ അമ്മ ഇടപെട്ടു. എന്താണെങ്കിലും അതു എനിക്ക് ഭയങ്കര സങ്കടമായി. അക്കാലത്ത് എന്‍െ്‌റ കുസൃതികള്‍ അസഹനീയമായിരുന്നെന്ന് ഇപ്പോഴും അമ്മായിമാരും ചേച്ചിമാരും പറയും. ഇതിനെ ഞാന്‍ എങ്ങനെ വളര്‍ത്തിയെടുക്കുമെന്നു അന്നോര്‍ക്കുമായിരുന്നുവെന്നു പറഞ്ഞ് അമ്മ ഈ അഭിപ്രായത്തിന് അടിവരയിടും. സഹികെട്ട അമ്മ ഗുരുവായൂരപ്പനു മഞ്ചാടിക്കുരു നേര്‍ന്നുവെന്നും അങ്ങനെ ഇന്നു കാണുന്ന ശാന്തശീലനായ മനുഷ്യനായി ഞാന്‍ മാറിയെന്നുമാണ് ഐതിഹ്യം!

എന്തായാലും പറഞ്ഞുവന്ന കഥയിലേക്കു മടങ്ങാം. അന്നു മടങ്ങിവന്ന വഴിക്ക് അമ്മ എന്നോടു ചോദിച്ചതെനിക്ക് ഓര്‍മ്മയുണ്ട് ''നീ എന്തിനാ അവന്‍ കളി നിര്‍ത്തിയിട്ടും നിര്‍ത്താതിരുന്നത്?''

''അതിനെന്നോടു പറഞ്ഞില്ലല്ലോ? '' എന്‍െ്‌റ ഉത്തരം. അതു നിന്നോടു കൂടിയായിരുന്നുവെന്ന് നീ മനസ്സിലാക്കണമെന്നായിരുന്നു അമ്മയുടെ ഉപദേശം. പിന്നെ എപ്പോഴും ഞാന്‍ ഇത് മനസ്സിലിട്ടു നടക്കാറുണ്ട്. പക്ഷേ ഒരു കാര്യവുമില്ല. ചിലപ്പോള്‍ എനിക്കുതന്നെ തോന്നാറുണ്ട് ഞാന്‍ ആര്‍ക്കെങ്കിലും ശല്യമാകാറുണ്ടോയെന്ന്?. ചിലപ്പോള്‍ എന്‍െ്‌റ കാര്യമില്ലാത്ത വര്‍ത്തമാനങ്ങള്‍, ഫോണ്‍വിളികള്‍......... ശല്യമാകുമ്പോഴും ഞാന്‍ അറിയില്ല. പിന്നെപ്പിന്നെ മറുവശത്തുള്ളവര്‍ ഇന്‍ഡിമസി കുറച്ചു സംസാരിക്കാന്‍ തുടങ്ങുമ്പോഴാകും ഞാനും അതും മനസ്സിലാക്കുക. അമ്മയുടെ ഉപദേശം മനസ്സില്‍ കിടന്നാലും ഇതുതന്നെ അവസ്ഥ, കാരണം 'ഞാന്‍ അമ്മയുടെ കടിഞ്ഞൂല്‍ പൊട്ടനല്ലേ'!!!!!

No comments: